നീസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു

84 പേരുടെ ജീവനെടുക്കുകയും 100 ല്‍ അധികം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത നീസില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നവരുടെ ഇടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. അസോസിയേറ്റഡ് പ്രസ് ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികളാണ് ഐ എസ് ഉത്തരവാദിത്വം ഏറ്റെടുത്ത വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആക്രമിയുമായി ബന്ധമുള്ള നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് ശേഷമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഐ എസിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഒരാളെ കഴിഞ്ഞ ദിവസം രാത്രിയും മറ്റ് മൂന്ന് പേരെ ഇന്ന് രാവിലെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അക്രമിയുമായി അകന്നുകഴിയുന്ന ഇയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആക്രമണത്തില്‍ 10 കുട്ടികള്‍ കൊല്ലപ്പെടുകയും 50 ല്‍ അധികം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അടുത്ത കാലത്തിനിടെ ഫ്രാന്‍സില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദേശീയ ദിനാഘോഷത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗം വീക്ഷിക്കുകയായിരുന്ന ആയിരക്കണക്കിനാളുകളുടെ ഇടയിലേക്കാണ് അക്രമി ട്രക്ക് ഓടിച്ചു കയറ്റിയിരുന്നത്. ആക്രമണത്തിന് ശേഷം റോഡ് നിറയെ മൃതദേഹങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: