നിയമസഭയ്ക്ക് പുറത്ത് സമരം നടത്താന്‍ കഴിവില്ലാത്ത സംഘടനയായി കോണ്‍ഗ്രസ് മാറിയെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് സമരം നടത്താന്‍ ശേഷിയില്ലാത്ത സംഘടനയായി കോണ്‍ഗ്രസ് മാറിയെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ പ്രതീകാത്മകമായി മാത്രം ചുരുങ്ങിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുരളീധരന്‍ ഉന്നയിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച ആഴത്തിലുള്ളതാണെന്നും എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷി പാര്‍ട്ടിക്കായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.  മേല്‍തട്ടിലെ നേതാക്കള്‍ക്ക് സ്വന്തം സ്ഥിതിയെക്കുറിച്ച് ബോധ്യമില്ലാത്ത അവസ്ഥയാണ് നിലവിലെന്നും അദ്ദേഹം ആരോപിച്ചു. പത്രങ്ങള്‍ നോക്കമ്പോഴാണ് പലര്‍ക്കും പറയാനുള്ള പ്രശ്‌നങ്ങള്‍ അറിയാന്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നണിക്കകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കുന്നതിന് യു ഡി എഫ് എം എല്‍ എമാരുടെ യോഗം വിളിക്കണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. യു ഡി എഫ് നേതാക്കള്‍ മാത്രം യോഗം ചേര്‍ന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി ജെ പിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ഭാഷയില്‍ കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയാണെന്ന് മുന്നണിക്കുള്ളിലുള്ളവര്‍ വിമര്‍ശിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

തങ്ങളെല്ലാം ശരിയാണെന്ന് നേതാക്കള്‍ മേനി നടക്കുകയാണെന്നും തോല്‍വിയുടെ കാരണം അണികളില്‍ അടിച്ചേല്‍പ്പിക്കാനാണ് നേതാക്കളുടെ ശ്രമമെന്നും  വി ഡി സതീശന്‍ വിമര്‍ശിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്ക് ഔചിത്യമില്ലെന്നും തോല്‍വിയെക്കുറിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയിക്കണമെങ്കില്‍ നിലപാട് വേണമെന്നും മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

-sk-

Share this news

Leave a Reply

%d bloggers like this: