ബി ജെ പി എം പി നവജ്യോത് സിംഗ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു, എ എ പി യിലേക്കെന്ന് സൂചന

ന്യൂദല്‍ഹി: ബി ജെ പി എം പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു. സിദ്ദു എ എ പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് രാജി വെച്ചിരിക്കുന്നത്. രാജിക്കത്ത് ഇന്ന് രാജ്യസഭ സെക്രട്ടറിക്ക് നല്‍കിയേക്കും. കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ച സമയത്ത് സിദ്ദു മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 28 ന് ആയിരുന്നു സിദ്ദു  ബി ജെ പി രാജ്യസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തത്.

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന്റെ എണ്‍പതാം ദിവസമാണ് സിദ്ദു രാജിവെച്ചിരിക്കുന്നത്. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രശസ്ത വ്യക്തികളുടെ ഗണത്തില്‍ പെടുത്തിയായിരുന്നു സിദ്ദുവിനെ ബി ജെ പി രാജ്യസഭയില്‍ എത്തിച്ചത്. അദ്ദേഹം നേരത്തെ രണ്ട് തവണ ലോക്‌സഭാംഗമായിരുന്നു. ബി ജെ പി അംഗത്വവും സിദ്ദു ഉടന്‍ ഉപേക്ഷിക്കുമെന്നാണ്‌ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ളള സൂചന.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് മുതല്‍ പാര്‍ട്ടിയുമായി സ്വരച്ചേര്‍ച്ച ഇല്ലാതെ കഴിയുകയായിരുന്നു സിദ്ദു. പാര്‍ട്ടി പുനസംഘടനയിലും സിദ്ദുവിന് പരിഗണന നല്‍കിയില്ല. ഈ അവഗണനയില്‍ സിദ്ദു പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ രാജ്യസഭാംഗമാക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലേക്ക് പോയ ദിവസം തന്നെയാണ് സിദ്ദുവിന്റെ രാജിയെന്നതും ശ്രദ്ധേയമാണ്.

കെജ്രിവാള്‍ നേരത്തെ തന്നെ നവജ്യോത് സിങ് സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. 2017ലെ  പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് സിദ്ദുവിന്റെ രാജിയെന്നും സൂചനകളുണ്ട്. സിദ്ദു പഞ്ചാബ് തെരഞ്ഞെടുപ്പില്‍ എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുണ്ട്. ‘തെറ്റും ശരിയും ഏറ്റുമുട്ടുമ്പോള്‍ നിഷ്പക്ഷത പാലിക്കാനാവില്ല. പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് ഞാന്‍ രാജ്യസഭാംഗമായത്. പഞ്ചാബിന്റെ ക്ഷേമം മുന്‍നിര്‍ത്തിയായിരുന്നു അത്. ഇപ്പോള്‍ പഞ്ചാബിലേക്കുള്ള എല്ലാ വാതിലുകളും അടഞ്ഞിരിക്കുന്നു. അതിനാല്‍ രാജ്യസഭാ അംഗത്വം ഇന്നൊരു ഭാരമാണ്. അതുകൊണ്ട് ഇനി തുടരാന്‍ ആഗ്രഹിക്കുന്നില്ല.’ എന്നായിരുന്നു രാജിയെക്കുറിച്ചുള്ള സിദ്ദുവിന്റെ പ്രതികരണം.

-sk-

Share this news

Leave a Reply

%d bloggers like this: