എം കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ല

എം കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ മാസം ഒന്‍പതിന് നിയമോപദേശക സ്ഥാനത്ത് എം കെ ദാമോദരനെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയിരുന്നുവെങ്കിലും അദ്ദേഹം നിയമന ഉത്തരവ് കൈപറ്റുകയെ സ്ഥാനം ഏറ്റെടുക്കുകയോ ചെയ്തിരുന്നില്ല.

മുഖ്യമന്ത്രിക്ക് നിയമോപദേശം തേടാന്‍ അഡ്വ ജനറലുണ്ടായിരിക്കെ മറ്റൊരു ഉപദേഷ്ടാവിന്റെ ആവശ്യമുണ്ടോ, പദവി ഭരണഘടനാപരമായി നിലനില്‍ക്കുമോ എന്നീ വിഷയങ്ങള്‍ കോടതി പിന്നീട് പരിഗണിക്കും. ഇതിനായി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി. പദവി സംബന്ധിച്ച വിവാദം നിലനില്‍ക്കെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് നിയമനത്തിനെതിരെ ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിവാദങ്ങള്‍ ശക്തമായതാണ് നിയമോപദേഷ്ടാവ് പദവി ഒഴിയാന്‍ കാരണം. എം കെ ദാമോദരനെ മാറ്റുന്നതാണ് സര്‍ക്കാരിന്റെ പ്രതിച്ഛായ നിലനിര്‍ത്താനുളള ഏക പോംവഴിയെന്ന അഭിപ്രായം മുന്നണിക്കുളളില്‍ തന്നെ ഉയര്‍ന്നിരുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി പി ഐ പരസ്യനിലപാടുമായി മുന്നോട്ടു വന്നതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. സി പി ഐയുടെ പരസ്യമായ നിലപാട് ദാമോദരനെയും ചൊടിപ്പിച്ചിരുന്നു.

ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടിയും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയാരോപണത്തില്‍ വിജിലന്‍സ് കേസ് നേരിടുന്ന ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനു വേണ്ടിയും ക്വാറി ഉടമകള്‍ക്കുവേണ്ടിയും ദാമോദരന്‍ കോടതിയില്‍ ഹാജരായിരുന്നു. ഇത് വന്‍ വിവാദത്തിനു വഴി തെളിച്ചിരുന്നു. എന്നാല്‍, പ്രതിഫലം പറ്റാതെയാണ് ഉപദേശക പദവിയില്‍ ദാമോദരന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തിന് താല്‍പര്യമുള്ള കേസുകള്‍ വാദിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

എം കെ ദാമോദരന് പ്രതിഫലമില്ലെന്നുളളതല്ല സ്ഥാനവും അധികാരവും ഉണ്ടെന്നുളളതാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രിക്ക് നിയമോപദേശം നല്‍കാന്‍ എ ജി ഉളളപ്പോള്‍ ഇത്തരം ഒരു പദവിയുടെ നിയമസാധുതയെയാണ് താന്‍ ചോദ്യം ചെയ്തതെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നിയമോപദേഷ്ടാവ് എന്ന പദവി എം കെ ദാമോദരന്‍ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

-sk-

Share this news

Leave a Reply

%d bloggers like this: