ഡോക്ടര്‍മാര്‍ വിദേശങ്ങളിലേക്ക് പോകാന്‍ കാരണം രാജ്യത്തെ അമിത ജോലി ഭാരം

ഡബ്ലിന്‍: രാജ്യത്തെ ആശുപത്രികളിലെ അമിത ജോലി ഭാരം കാരണം വിദേശരാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ച് പോകുന്ന ടെയ്‌നി ടോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നേഴ്‌സുമാരും ഇല്ലാത്തതാണ് ജോലി ഭാരം വര്‍ധിക്കാന്‍ കാരണം. ഇപ്പോള്‍ നിരവധി രേഗികള്‍ ഐറിഷ് ആശുപത്രികളെ ആശ്രയിക്കുന്നുണ്ടെന്നും എന്നാല്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാറില്ലെന്നും പഴകിയ ഉപകരണങ്ങളാണ് ഉള്ളതെന്നുമുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഈ മേഖലയിലേക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുന്നതാണ് ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയ, യു കെ, കാനഡ എന്നിവിടങ്ങളിലേക്ക് പോകാനാണ് മിക്ക ഡോക്ടര്‍മാരും ആഗ്രഹിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അതേസമയം അയര്‍ലണ്ടില്‍ത്തന്നെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

ട്രെയിനി ഡോക്ടര്‍മാരില്‍ 58% ഇവിടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 2014നെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ 4% വര്‍ദ്ധനവാണ് 2015 ല്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ട്രെയിനി ഡോക്ടര്‍മാരില്‍ അഞ്ചില്‍ ഒരാള്‍ വീതം വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവരാണെന്നും പഠനത്തില്‍ പറയുന്നു. ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്ത അവസ്ഥ, കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നു, കരിയറില്‍ ഉയര്‍ച്ച ഇല്ലാത്ത അവസ്ഥ എന്നീ കാരണങ്ങള്‍ കൊണ്ടാണ് വിദേശത്ത് പോകാന്‍ ഡോക്ടര്‍മാര്‍ ആഗ്രഹിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

രാജ്യത്തെ 82% ട്രെയിനി ഡോക്ടര്‍മാരാണ് ആവശ്യത്തിന് സ്റ്റാഫുകള്‍ ഇല്ലാത്തത് കാരണം വിദേശങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നത്. 75% പേര്‍ അമിത ജോലി ഭാഗം കാരണവും 72% പേര്‍ കരിയറില്‍ ഉയര്‍ച്ചയില്ലാത്തത് കാരണവും രാജ്യം വിടാന്‍ താല്‍പര്യപ്പെടുന്നു. അയര്‍ലണ്ടിന്റെ ഭാവിയിലെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ട ട്രെയിനി ഡോക്ടര്‍മാര്‍ രാജ്യം വിടുന്നതില്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ഫ്രെഡി വുഡ് നിരാശ പ്രകടിപ്പിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലി ഭാരം കൂടുതലാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ജോലി ഭാരം കാരണം നൂറുകണക്കിന് നഴ്‌സുമാരും മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: