ബ്രക്‌സിറ്റ്: അയര്‍ലണ്ടിന് പ്രത്യേക പരിഗണന നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

ഡബ്ലിന്‍: ബ്രക്‌സിറ്റിന് ശേഷവും അയര്‍ലണ്ടിന് പ്രത്യേക പരിഗണന നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദേ. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി അയര്‍ലണ്ടിലെത്തിയതായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. യു കെയുമായുള്ള ചര്‍ച്ചയില്‍ അയര്‍ലണ്ട് പ്രത്യേക വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സാഹചര്യം താന്‍ അംഗീകരിക്കുന്നുവെന്നും ചര്‍ച്ചയില്‍ ഇടം കണ്ടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയര്‍ലണ്ടും നോര്‍ത്തേണ്‍ അയര്‍ലണ്ടും യു കെയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചര്‍ച്ചയില്‍ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് വിഷയമാകുന്നത് അംഗീകരിക്കുന്നുണ്ടെന്നും സമാധാനപരമായ അന്തരീക്ഷത്തിന് ഇതാവശ്യമാണെന്നും ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. അയര്‍ലണ്ടിന് പ്രത്യേക പരിഗണന നല്‍കുമെന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ സന്തോഷമുണ്ടെന്ന് അയര്‍ലണ്ട് പ്രധാനമന്ത്രി എന്റാ കെനി വ്യക്തമാക്കി. താന്‍ കേള്‍ക്കാനാഗ്രഹിച്ച കാര്യമാണിതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സ്വ ഒലാദേ അയര്‍ലണ്ടില്‍ എത്തിയിരുന്നത്. ഡബ്ലിനില്‍ വെച്ചായിരുന്നു എന്റാ കെനിയുമായുള്ള കൂടിക്കാഴ്ച.

അയര്‍ലണ്ട് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിംഗിന്‍സുമായും ഫ്രഞ്ച് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രിയുമായും യൂറോപ്യന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജൂനിയര്‍ മന്ത്രിയുമായും ഫ്രഞ്ച് പ്രസിഡന്റ് ചര്‍ച്ച നടത്തി. നീസില്‍ ഭീകരാക്രമണം നടന്നതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശനം. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളും കഴിഞ്ഞ ആഴ്ച നീസില്‍ നടന്ന തീവ്രവാദി ആക്രമണവും ചര്‍ച്ചയില്‍ വിഷയമായി.

കഴിഞ്ഞ ആഴ്ച നീസില്‍ നടന്ന ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെടുകയും 200 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരുടെ ഇടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. നീസില്‍ ആക്രമണം നടക്കുന്നതിന് മുമ്പാണ് പ്രസിഡന്റ് ഈ സന്ദര്‍ശനത്തിന് പദ്ധതി തയ്യാറാക്കിയിരുന്നത്. ബ്രിട്ടണ്‍ പ്രസിഡന്റ് തെരേസ മെയുമായി ചര്‍ച്ച നടത്തുന്നതിന് വൈകുന്നേരത്തോടെ ഫ്രഞ്ച് പ്രസിഡന്റ് അയര്‍ലണ്ടില്‍ നിന്നും യാത്ര തിരിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: