ക്ഷേമ ആനുകൂല്യങ്ങള്‍ പണപ്പെരുപ്പ നിരക്കുമായി ബന്ധിപ്പിക്കുമോ…ചര്‍ച്ചകള്‍ക്ക് ഒരുക്കമെന്ന് ലിയോ വരേദ്ക്കര്‍

ഡബ്ലിന്‍: സാമൂഹ്യ സുരക്ഷാ മന്ത്രി ലിയോ വരേദ്ക്കര്‍ സാമൂഹ്യ ക്ഷേമ ആനുകൂല്യ കാര്യത്തില്‍ മാറ്റം വരുത്താനുള്ള നീക്കത്തില്‍. ഇത് ഫിന ഗേല്‍ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ലിയോ വരേദ്ക്കറി‍ന്‍റെ വളര്‍ച്ചയാകുമെന്ന് സംശയിക്കുന്നുണ്ട്. ക്ഷേമ ആനുകൂല്യങ്ങള്‍ ജീവിത ചെലവുമായി ബന്ധിപ്പിക്കുകയോ വാര്‍ഷികമായി പണപ്പെരുപ്പ നിരക്കിന് അനുസരിച്ച് തുക വര്‍ധിപ്പിക്കുകയോ ചെയ്യുമെന്നാണ് കരുതുന്നത്. ജനപ്രിയമായി മാറുമെന്ന് ഉറപ്പുള്ള ഈ നടപടി നടപ്പാക്കപ്പെടുകയാണെങ്കില്‍ അത് എന്‍ഡ കെന്നിയില്‍ നിന്നും ഫിനഗേലിന‍്‍റെ നേതൃത്വം ഏറ്റെടുക്കാന്‍ വരേദ്ക്കര്‍ ഒരുങ്ങുന്നതിന്‍റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നുണ്ട്. താന്‍ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ആണെങ്കില്‍അതിന് നേതൃത്വവുമായി ബന്ധമില്ലെന്ന് സംശയിക്കേണ്ടെന്നും വരേദ്ക്കര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന‍്റെ പരിപാടികളില്‍ ഇല്ലാത്ത ഒന്ന് ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കരുതേണ്ടെന്നും വരേദ്ക്കര്‍ പറയുന്നു.

അതേ സമയം കെന്നി ഗതാഗത മന്ത്രി ഷെയ്ന്‍ റോസുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്‍ഡിപെന്‍ററന്‍റ് അലൈന്‍സും ഫിന ഗേലും തമ്മിലുള്ള ബന്ധം അസുഖകരമായി തുടരുന്ന സാഹചര്യത്തിലാണിത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പേ തന്നെ ഇരുകക്ഷികളും തമ്മിലുള്ള ബന്ധം സുഖകരം ആയിരുന്നില്ല. എന്നാല്‍ ഇരുകൂട്ടരും തമ്മില്‍ പുതിയ ആശയ വിനിമയ സംവിധാനം ഉണ്ടാക്കാമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. നേരത്തെ അറ്റോണി ജനറല്‍ ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയ ബില്ലിന് വരെ ഇന്‍റിപെന്‍റന്‍റ് അലൈന്‍സ് പിന്തുണച്ചിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ്  പ്രതീക്ഷിക്കുന്നതെന്ന് റോസ് വ്യക്തമാക്കി. ഇരു പക്ഷവും തമ്മിലുള്ള തര്‍ക്ക വിഷയങ്ങള്‍ ഏതെല്ലാമെന്ന് നിശ്ചയിക്കുകയും പുതിയ രീതിയില്‍ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുകയും ചെയ്യുമെന്നാണ് റോസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് മക്ഗില്‍ സമ്മര്‍ സ്കൂളില്‍ വരേദ്ക്കര്‍ ക്ഷേമ ആനുകൂല്യം പണപ്പെരുപ്പ നിരക്കുമായി ബന്ധപ്പിക്കുന്ന കാര്യം സൂചിപ്പിച്ചത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ബഡ്ജറ്റ് ദിവസം രാഷ്ട്രീയക്കാര്‍ക്ക് മുതലെടുപ്പ് നടത്താനുള്ളതായി സംവിധാനം മാറരുതെന്നും വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയെ സോഷ്യല്‍ ജസ്റ്റീസ് അയര്‍ലന്‍ഡ് സ്വാഗതം ചെയ്തു.നിലവിലെ ക്ഷേമ ആനൂകൂല്യം 188 യൂറോ 6.50 യൂറോ കൂട്ടി വേണം പുതിയ രീതി ആരംഭിക്കാനെന്ന് ഇവര്‍ പറയുന്നു. മന്ത്രിയുടെ പ്രസ്താവന പ്രകാരം കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ 274 മില്യണ്‍ യൂറോ ആയിരിക്കും വര്‍ഷത്തില്‍ അധികമായി ചെലവാകുന്നത്.

Share this news

Leave a Reply

%d bloggers like this: