ജര്‍മ്മനിയില്‍ ഒരാഴ്ചക്കിടെ മൂന്നാമതും ആക്രമണം, ചാവേറാക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ഒരാഴ്ചയ്ക്കിടെ നടന്ന മൂന്നാമത്തെ ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. സിറിയന്‍ പൗരന്‍ നടത്തിയ ചാവേറാക്രമണത്തിലാണ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റത്. ഞായറാഴ്ച രാത്രി സൗത്തേണ്‍ ജര്‍മ്മനിയിലെ ഒരു ബാറിന് നേരെയാണ് ആക്രമണം നടന്നത്. അന്‍സ്ബാക്കില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത മ്യൂസിക്കല്‍ ഫെസ്റ്റിവല്‍ ആണ് അക്രമി ലക്ഷ്യമിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് ഇയാള്‍ക്ക് ടിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ബാറിന് നേരെ തിരിയുകയായിരുന്നു.

ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ആക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ജര്‍മ്മനി അഭയം നല്‍കാത്തതിലുള്ള പ്രതിഷേധം മൂലം സിറിയന്‍ യുവാവാണ് സ്‌ഫോടനം നടത്തിയതെന്നാണ് സൂചന. ആക്രമിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് റീജിയണല്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ അറിയിച്ചു. മാനസിക രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണ് അക്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

ഇയാള്‍ക്ക് 27 വയസ് പ്രായം വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമി സ്‌ഫോടനം നടത്താന്‍ ഉദ്യേശിച്ചിരുന്ന ഫെസ്റ്റിവെല്ലില്‍ 2000 ല്‍ അധികം ആളുകളാണ് പങ്കെടുത്തിരുന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിവരെ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. ഐറിഷ് സമയം രാത്രി എട്ട് മണിയോടെയായിരുന്നു സ്‌ഫോടനം നടന്നിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ജര്‍മ്മനിയില്‍ ആക്രമണമുണ്ടാകുന്നത്. വെള്ളിയാഴ്ച മ്യൂണിക്കില്‍ നടന്ന വെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവിടെ ഒരു ഷോപ്പിങ് സെന്ററിലാണ് ആക്രമണം നടന്നിരുന്നത്. അക്രമി സ്വയം വെടിവെച്ചുമരിക്കുകകയായിരുന്നു. ഈ ആഴ്ച തന്നെ വൂഴ്‌ലബര്‍ഗില്‍ ട്രെയിനില്‍ അക്രമി മഴു ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലും നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: