നാടുവിട്ട മലയാളികളുടെ ഐ എസ് ബന്ധം സ്ഥിരീകരിച്ചു

കൊച്ചി: കേരളത്തില്‍ നിന്നും കാണാതായവര്‍ ഐ എസില്‍ ചേര്‍ന്നതായി പോലീസ് സ്ഥിരീകരിച്ചു. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളത്ത് നിന്നും കാണാതായ മെറിന്‍ ജേക്കബിനെ ഭര്‍ത്താവ് യഹിയയും മുംബൈയില്‍ നിന്നും അറസ്റ്റിലായ ഖുറേഷിയും ചേര്‍ന്ന് ഐ എസിലേക്കു റിക്രൂട്ട് ചെയ്തുവെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോട്ടില്‍ പറയുന്നത്.

മലയാളികളെ കാണാതായ സംഭവത്തില്‍ പോലീസ് ആദ്യമായാണ് ഔദ്യോഗിക സ്ഥിരീകരണം നടത്തുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മലയാളികളുടെ ഐ എസ് ബന്ധം സ്ഥിരീകരിച്ചിരിക്കുന്നത്.  ഖുറേഷി, യഹിയ, റിസ്വാന്‍ ഖാന്‍ എന്നിവരാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പ്രതികള്‍.

രാജ്യദ്രോഹത്തിനും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്നതിനും വേണ്ടി ഈ മൂന്നു പ്രതികളും ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക്ക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ജീവനക്കാരാണ് ഖുറേഷിയും റിസ്വാന്‍ ഖാനും. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

മതം മാറി ഐ എസില്‍ ചേരാന്‍ തന്നെയും നിര്‍ബന്ധിച്ചിരുന്നതായി മെറിന്റെ സഹോദരന്‍ മൊഴി നല്‍കിയിരുന്നു. കൂടുതല്‍ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി മുംബൈയില്‍ നിന്നാണ് ഖുറേഷിയെയും റിസ്വാന്‍ ഖാനെയും അറസ്‌റ് ചെയ്തിരുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: