പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം

കൊല്ലം: പോലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്റണിയെ  ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മണിയന്‍ പിള്ളയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വിധിച്ചു. 2012 ജൂണില്‍ കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ള കൊല്ലപ്പെട്ട കേസിലാണ് വിധി.

വധ ശിക്ഷ നല്‍കേണ്ടെന്നും വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കിയാല്‍ മതിയെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. ആട് ആന്റണിയുടേത് മോഷണ മുതലാണെന്നും അതിനാല്‍ ആ പണം തങ്ങള്‍ക്ക് വേണ്ടെന്നും മണിയന്‍ പിള്ളയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരം കുടുംബത്തിന് ലഭ്യമാക്കാന്‍ പ്രേസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ മണിയന്‍ പിള്ളയുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമെ 4.45 ലക്ഷം രൂപ പിഴയും അടക്കണം. ഇതില്‍ രണ്ടരലക്ഷം രൂപ മണിയന്‍ പിള്ളയുടെ കുടുംബത്തിനും രണ്ടരലക്ഷം രൂപ പരിക്കേറ്റ ജോയിക്കും കൊടുക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു. ഇത് ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് നല്‍കേണ്ടത്. ഇതിനായി രണ്ടു കുടുംബങ്ങളും ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ പരാതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ജീവപര്യന്തം തടവിന് പുറമെ മറ്റ് വിവിധ വകുപ്പുകളിലായി 15 വര്‍ഷത്തെ തടവും പ്രത്യേകമായി ആട് ആന്റണിക്ക് കോടതി വിധിച്ചു. ഇതോടെ 25 വര്‍ഷത്തെ തടവ് ശിക്ഷ ഇയാള്‍ അനുഭവിക്കേണ്ടി വരും.

-sk-

Share this news

Leave a Reply

%d bloggers like this: