മുംബൈയിലും പോക്കിമോന്‍ പാരയായി, ബെന്‍സ് കാര്‍ അപകടത്തില്‍ പെട്ടു

മുംബൈ: പോക്കിമോന്‍ ഗെയിം ഒരുക്കുന്ന കെണികളുടെ തുടര്‍ക്കഥയ്ക്ക് ഇന്ത്യയില്‍ നിന്നും ഒരധ്യായം. മുംബൈയില്‍ ട്രാഫിക് സിഗ്നല്‍ കാത്തിരുന്ന വാഹനത്തിലിരുന്ന് ഉടമ പോക്കിമെന്‍ കളിയില്‍ മുഴുകിയപ്പോള്‍ ബെന്‍സ് കാര്‍ എതിരേ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. ഭാഗ്യത്തിന് ആളപായമൊന്നും ഉണ്ടായില്ലെങ്കിലും രണ്ടു വാഹനങ്ങളുടെയും കേടുപാടുകള്‍ തീര്‍ക്കാന്‍ നല്ലൊരു തുക വേണ്ടിവരുമെന്ന അവസ്ഥയായി.
ജാബിര്‍ അലി എന്നയാളാണ് ട്രാഫിക് സിഗ്നല്‍ കാത്തിരിക്കുന്നതിന്റെ മുഷിച്ചില്‍ മാറ്റാന്‍ പോക്കിമോനെ ആശ്രയിച്ച് കെണിയില്‍ ചാടിയത്. കാറില്‍ കൂടെയുണ്ടായിരുന്ന സഹോദരന്‍ ആദില്‍ പോക്കിമോന്‍ കളിക്കുന്നത് കണ്ടാണ് തനിക്കും ഗെയിം പഠിക്കണമെന്നു കരുതി മൊബൈല്‍ വാങ്ങി കളി തുടങ്ങിയത്. കളിയില്‍ മുഴുകുന്നതിനിടെ ട്രാഫിക് സിഗ്നല്‍ മാറിയത് ശ്രദ്ധിക്കാന്‍ പോലും കഴിയാതിരുന്നതാണ് അപകടത്തിന് വഴിവെച്ചത്. ബെന്‍സിനും ഓട്ടോറിക്ഷയ്ക്കും കാര്യമായ തകരാറുകള്‍ പറ്റി. നേരത്തേ യുഎസിലും ജപ്പാനിലും പോക്കിമോന്‍ റോഡപകടങ്ങള്‍ക്കു വഴിവെച്ച വാര്‍ത്തകളുണ്ടായിരുന്നു.
മുംബൈയില്‍ റോഡിലൂടെ നിരവധി പേര്‍ ഗെയിം കളിച്ചുകൊണ്ട് നടക്കുന്നുണ്ടെന്നും ഇത് ജീവന്‍ തന്നെ അപകടത്തിലാക്കാമെന്നതിനാല്‍ ഇതിനായി ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് വക്താവ് അശോക് ദുധേ അറിയിച്ചു.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: