ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ പിടിയില്‍

ന്യൂദല്‍ഹി: മലയാളിയായ വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടികൊണ്ടുപോയ സംഘത്തിലെ മൂന്ന് ഭീകരര്‍ പിടിയില്‍. യമന്‍ നഗരമായ ഏദനിന് സമീപത്തെ സൈല എന്ന സ്ഥലത്ത് വെച്ചാണ് ഇവര്‍ പിടിയിലായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധമന്ദിരം ആക്രമിച്ച് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തുകയും ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു.

വൃദ്ധമന്ദിരം അക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പിടിയിലായ ഭീകരര്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫാ. ഉഴുന്നാലിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇവരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ഖ്വെയ്ദ സംഘടനയില്‍പ്പെട്ടവരാണ് പിടിയിലായിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ആക്രമണം നടത്തുകയും ഫാദറിനെ തട്ടികൊണ്ട് പോവുകയും ചെയ്തിരുന്നത് ഐ എസ് തീവ്രവാദികളാണെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നില്ല.

ഭീകരര്‍ പിടിയിലായ വിവരം വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഫാദര്‍ ടോമിന്റെ നേതൃത്വത്തില്‍ വൃദ്ധസദനം കേന്ദ്രീകരിച്ച് മതപരിവര്‍ത്തനത്തിന് ശ്രമിച്ചിരുന്നെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നും പിടിയിലാവര്‍ പറഞ്ഞു. ആക്രമണത്തിനു മുമ്പ് മുവ്താ ബിന്‍ ഗബാലിലെ മുസ്‌ലിം പള്ളിയിലെ ഇമാം മുഹമ്മദ് അബ്ദോ സാലത്തിന്റെ അനുമതി തേടിയിരുന്നു. വൃദ്ധസദനത്തില്‍ മതംമാറ്റം നടന്നിരുന്നു എന്നതിനാലാണ് ആക്രമണത്തിന് അനുമതി നല്‍കിയതെന്നാണ് ഇമാം മൊഴി നല്‍കിയിരിക്കുന്നത്.

വൃദ്ധസദനത്തില്‍ ജോലി ചെയ്യുന്ന ക്രിസ്ത്യാനികളെ കൊല്ലാന്‍ അനുമതി തേടി അക്രമികള്‍ തന്നെ സമീപിച്ചിരുന്നെന്നും അക്രമത്തിനുശേഷം അവര്‍ വീണ്ടും തന്റെ അടുത്തുവുന്നെന്നും ഇമാം പറഞ്ഞു. പ്രായമായവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കൊന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ സ്ഥിതിഗതി നിയന്ത്രിക്കാനായില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും ഇമാം മൊഴി നല്‍കി. പിടിയിലായ ഭീകരന്‍ ഷുക്രി അഹമദ് ഹുസൈന്‍ അല്‍ സകഫിന്റെയും ഇമാമിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇമാം മുഹമ്മദ് അബ്ദോ ആണ് കൊലയ്ക്ക് മതപരമായ അനുമതി നല്‍കുന്നതെന്ന് അല്‍ സകഫ് അറിയിച്ചു.

സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ടോമിനെ മാര്‍ച്ച് നാലിനാണ് ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനത്തില്‍നിന്നു തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകളും 12 അന്തേവാസികളുമടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. കന്യാസ്ത്രീകളിലൊരാള്‍ ഇന്ത്യക്കാരിയായാണ്‌.

-sk-

Share this news

Leave a Reply

%d bloggers like this: