മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കോഴിക്കോടും കയ്യേറ്റം, രാവിലെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഉച്ചയക്ക് വീണ്ടും പോലീസ് കൈയ്യേറ്റം

കോഴിക്കോട്: കൊച്ചിയിലും തിരുവനന്തപുരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തതിന് പിന്നാലെ കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ കൈയ്യേറ്റം. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൈയ്യേറ്റം നടന്നത്. ഇന്ന് തന്നെ ഇത് രണ്ടാം തവണയാണ് മാധ്യമപ്രവര്‍ത്തകരെ ബലമായി പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സംഭവത്തില്‍ എസ് ഐയെ സസ്‌പെന്റ് ചെയ്തു. രാവിലെ കോഴിക്കോട് കോടതി വളപ്പില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി എസ് എന്‍ ജി വാഹനം തിരിച്ചെടുക്കാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ വീണ്ടും പോലീസ് മര്‍ദ്ദിച്ചത്. രാവിലെ നടന്ന സംഭവങ്ങള്‍ പോലീസിന്റെ പിഴവ് കൊണ്ട് സംഭവിച്ചതാണെന്നും ആര്‍ക്കെതിരെയും കേസെടുക്കില്ലെന്നും ടൗണ്‍ സി ഐ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം വാഹനം തിരിച്ചെടുക്കാനെത്തിയപ്പോഴായിരുന്നു പോലീസ് വീണ്ടും കയ്യേറ്റം നടത്തിയത്.

രാവിലത്തെ സംഭവത്തെത്തുടര്‍ന്ന് ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തിയ എസ് ഐയുടെ നേതൃത്വത്തിലാണ് വീണ്ടും കൈയ്യേറ്റം നടന്നത്. കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ഡ്രൈവര്‍ പ്രകാശ് എന്നിവരേയാണ് കൈയ്യേറ്റം ചെയ്തത്. കേസൊന്നുമില്ലെങ്കിലും വാഹനം കൊണ്ടുപോകാനാവില്ലെന്നും അതിന് ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരുടെ അനുവാദം വേണമെന്നും പോലീസ് അറിയിച്ചതനുസരിച്ച് സ്റ്റേഷന് മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ രാവിലെ കൈയ്യേറ്റം നടത്തിയ പോലീസുകാര്‍ തന്നെ വലിച്ചിഴച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. പോലീസിന് നിങ്ങളെ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് കാണിച്ച് തരാമെന്ന് പറഞ്ഞ എസ് ഐ വിനോദ് ഇവരെ അസഭ്യം പറയുകയും ചെയ്തു.

തുടര്‍ന്ന് മൂന്ന് പേരെയും സ്റ്റേഷനുള്ളില്‍ എത്തിച്ച ശേഷം മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ കയറാതെ സ്റ്റേഷന്റെ മുന്‍ വാതില്‍ പോലീസുകാര്‍ അകത്ത് നിന്ന് പൂട്ടി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ മറ്റ് പോലീസുകാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയപ്പോഴായിരുന്നു ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആദ്യം പോലീസ് നടപടി സ്വീകരിച്ചത്. റിപ്പോര്‍ട്ടിങ് വിലക്കിയ പോലീസ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റ ചെയ്ത് കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ സഹപ്രവര്‍ത്തകരെ  കാണാന്‍ പോലും പോലീസ് അനുവദിച്ചില്ല. ഏറെ സമയത്തിന് ശേഷമാണ് ഇവരെ പോലീസ് വിട്ടയച്ചിരുന്നത്.

സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍.  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ രാവിലെ നടന്ന സംഭവത്തില്‍ പ്രതിഷേധമറിയിക്കുകയും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയനായ എസ് ഐ വിമോദ് കുമാറിനെ ചുമതലയില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചിരുന്നത്. ഇന്ന് വൈകീട്ട് ആറ് വരെയാണ് വിമോദിനെ ചുമതലകളില്‍ നിന്നും മാറ്റാനായിരുന്നു തീരുമാനം.  എന്നാല്‍ ഇയാള്‍ വീണ്ടും യൂണിഫോമില്‍ സ്‌റ്റേഷനില്‍ എത്തി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: