സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: മുഴുവന്‍ സീറ്റുകളും പിടിച്ചെടുത്ത സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

കൊച്ചി: സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളടക്കം മുഴുവന്‍ സീറ്റുകളും പിടിച്ചെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി വിധിക്കു വിരുദ്ധമാണെന്നു വിലയിരുത്തിയാണു ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.

പ്രവേശനത്തിനു മേല്‍നോട്ടം വഹിക്കുന്ന സമിതിയായ ജയിംസ് കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി മാനേജ്‌മെന്റുകള്‍ക്കു സ്വതന്ത്രമായി നടപടി സ്വീകരിക്കാമെന്നു കോടതി ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യംചെയ്തു കേരള ക്രിസ്ത്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനും മറ്റും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉത്തരവ്.

സ്വാശ്രയ മേഖലയിലെയും കല്‍പ്പിത സര്‍വകലാശാലയിലെയും മുഴുവന്‍ സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന കമ്മീഷണര്‍ നടത്തണമെന്നു വ്യക്തമാക്കി ഓഗസ്റ്റ് 20നും 23നും നടത്തിയ രണ്ട് ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കു മാനേജ്‌മെന്റുകള്‍ക്കു പ്രവേശനം നടത്താന്‍ 2016ലെ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാമെന്നും റാങ്ക്‌ലിസ്റ്റ് മാനദണ്ഡമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മാനേജ്‌മെന്റ് സീറ്റുകളില്‍ സംസ്ഥാന സര്‍ക്കാരിന് അവകാശം ഉന്നയിക്കാനാവില്ല. എന്നാല്‍, പ്രവേശനവുമായി ബന്ധപ്പെട്ട നടപടികള്‍ക്കു ജയിംസ് കമ്മിറ്റിക്ക് അധികാരമുണ്ട്. പ്രവേശനം സുതാര്യമാക്കാന്‍ കമ്മിറ്റി നടപടി സ്വീകരിക്കണം.

പ്രവേശനത്തിനായി അപേക്ഷ വെബ്‌സൈറ്റില്‍ നല്‍കണം. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പ്രവേശനനടപടി സുതാര്യമാക്കാനായി ഇടപെടുന്നതിനു മാത്രമേ സര്‍ക്കാരിന് അധികാരമുള്ളൂവെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഇന്നലെ ഹര്‍ജി പരിഗണിക്കവേ സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളുടെ ഭരണതലത്തിലുള്ള അധികാരത്തില്‍ ഇടപെടുന്നതിനു സര്‍ക്കാരിന് അവകാശമില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. കോളജുകളുടെ പ്രവര്‍ത്തനം, തെരഞ്ഞെടുപ്പ് എന്നിവ ചോദ്യംചെയ്യുന്നതിനും സര്‍ക്കാരിന് അധികാരമില്ല. പ്രവേശനപരീക്ഷ നിയമപരമായി നടത്തുന്നതിനും അര്‍ഹതയുള്ളവരെ പ്രവേശിപ്പിക്കാനും മാനേജ്‌മെന്റുകള്‍ക്ക് അധികാരമുണ്ട്. മാത്രമല്ല, ഭരണഘടനയുടെ 19(1)(ജി) പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും നടത്താനും ഹര്‍ജിക്കാര്‍ക്കു പ്രത്യേക അധികാരമുണ്ടെന്നും ഇതിനെതിരായ നീക്കം നിയമപരമല്ലെന്നും ടി.എം.എ. പൈ കേസിലും ഇനാംദാര്‍ കേസിലും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന നല്‍കുന്ന പരിരക്ഷ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുണ്ടെന്നും മൗലികാവകാശങ്ങള്‍ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മറികടക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. നീറ്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനു നടപടി സ്വീകരിക്കാമെന്ന സര്‍ക്കാര്‍ നിലപാടു പ്രായോഗികമല്ല. മാനേജ്‌മെന്റിന്റെയും വിദ്യാര്‍ഥികളുടെയും അവകാശത്തിലുള്ള കടന്നുകയറ്റമാണിതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: