സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് ഓണാഘോഷ പരിപാടികള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.  ജോലി സമയം ഒഴിവാക്കി ഓണാഘോഷം ക്രമീകരിക്കണമെന്നും വകുപ്പ് മേധാവികള്‍ ഇത് ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എല്ലാ വകുപ്പ് മേധാവികള്‍ക്കും അയച്ചിട്ടുണ്ട്.

ജീവനക്കാരുടെ ഓണാഘോഷം ഓഫീസ് സമയത്തിന് മുന്‍പോ ശേഷമോ നടത്തണമെന്നും ഓണത്തിനോട് അനുബന്ധിച്ച് തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ ഉണ്ടാകുന്നതിനാലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്നുമാണ് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. ആശുപത്രികളും പൊലീസ് സ്റ്റേഷനുകളും അടക്കം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ആഘോഷങ്ങള്‍ ക്രമീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവ്. സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്ത്‌പോയി വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: