ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്ന് പിതാവിന്റെ തോളില്‍ കിടന്ന് കുട്ടി മരിച്ചു

കാണ്‍പൂര്‍: അധികൃതരുടെ അനാസ്ഥകാരണം ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്ന് പിതാവിന്റെ തോളില്‍ കിടന്ന് മകന്‍ മരിച്ചു. തക്ക സമയത്ത് ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കുട്ടി മരിച്ചത്. കടുത്ത പനിയുമായി ആശുപത്രിയില്‍ കൊണ്ടുവന്ന അന്‍ഷ് എന്ന 12കാരനാണ്  മരണപ്പെട്ടിരിക്കുന്നത്. കടുത്ത പനിയെത്തുടര്‍ന്ന് കാണ്‍പൂരിലെ ഫസല്‍ഗഞ്ച് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം കുട്ടിയെ ഹാല്ലറ്റ് ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും കുട്ടികളുടെ വാര്‍ഡിലേക്ക് കൊണ്ടു പോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതെത്തുടര്‍ന്ന് പിതാവ് കുട്ടിയെ തോളില്‍ ചുമന്ന് കുട്ടികളുടെ വാര്‍ഡിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. തന്റെ മകന് കടുത്ത പനിയുണ്ടായിരുന്നെന്നും അവന്‍ പഠനത്തില്‍ സമര്‍ത്ഥനായിരുന്നെന്നും കുട്ടിയുടെ പിതാവ് സുനില്‍ കുമാര്‍ പറഞ്ഞു.

കുട്ടിയെ കിടത്താന്‍ ആശുപത്രി അധികൃതര്‍ സ്ട്രക്ചര്‍ പോലും നല്‍കിയില്ലെന്നും കുട്ടിയെയും ചുമലിലേറ്റി താന്‍ ഓടുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ലക്‌നൗവില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരെയാണ് ഇവരുടെ ഗ്രാമം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട അന്‍ഷ്.

-sk-

Share this news

Leave a Reply

%d bloggers like this: