തലമാറ്റല്‍ ശസ്ത്രക്രിയയ്ക്കായി ശാസ്ത്രലോകം തയ്യാറെടുപ്പില്‍

തലമാറ്റല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുകയാണ് റഷ്യക്കാരനായ വലേറി സ്പിരിദോനോവ്.
ലോകത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു തലമാറ്റല്‍ ശസ്ത്രക്രീയ നടക്കുന്നത്. ജന്മനാ വേര്‍ഡിങ്ഹോഫ്മാന്‍ എന്ന ജനിതക രോഗബാധിതനാണ് 31- കാരനായ വലേറി സ്പിരിദോനോവ്. ശരീരത്തിലെ പേശികളെയും ഞരമ്പിലെ കോശങ്ങളെയും ബാധിക്കുന്ന ഈ രോഗം കാരണം ശരീരം ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ശാരീരികമായി വൈകല്യം സംഭവിച്ചു വീല്‍ചെയറില്‍ ആണെങ്കിലും വലേറി നല്ല ഒരു കംപ്യുട്ടര്‍ പ്രോഗ്രാമറാണ്.

ഇറ്റലിക്കാരനായ ന്യുറോസര്‍ജന്‍ ഡോക്ടര്‍ സെര്‍ജിയോ കനാവെറോ, ചൈനീസ് സര്‍ജന്‍ സിയാവോപിങ്ങ്‌നെനും ചേര്‍ന്ന് ഏകദേശം 150 പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സഹായത്തോടെ 600 കോടിയോളം രൂപ മുതല്‍മുടക്കിലാണ് ഇത്തരം ഒരു വൈദ്യശാസ്ത്ര പരീക്ഷണത്തിന് ഒരുങ്ങുന്നത്.

പ്രത്യേക ക്രയിനുകളുടെയും വജ്രകത്തികളുടെയും സഹായത്തോടെ വലേറിയുടെ തല മുറിച്ചുമാറ്റി യോജിക്കുന്ന തരത്തിലുള്ള മസ്തിഷ്‌കമരണം സംഭവിച്ച മറ്റൊരാളുടെ ശരീരത്തിലേക്കു തുന്നിച്ചേര്‍ക്കാനാണ് തയ്യാറാവുന്നത്. മുറിച്ചുമാറ്റിയ തലയിലെ കോശങ്ങള്‍ നശിക്കാതിരിക്കാന്‍ -10 ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ചശേഷം ആയിരിക്കും തുന്നിച്ചേര്‍ക്കല്‍.

മുന്‍പ് കുരങ്ങുകളിലും മറ്റും ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യശരീരത്തില്‍ ഇത് എത്രത്തോളം വിജയകരമാവും എന്ന് ഉറ്റു നോക്കുകയാണ് ശാസ്ത്രലോകം.

Share this news

Leave a Reply

%d bloggers like this: