ആദ്യാക്ഷരത്തിന്റെ തിരി തെളിയിച്ച് മലയാളത്തിന്റെ വിദ്യാരംഭം ഒക്ടോബര്‍ 11 ന്

വിദ്യയുടെ നല്ല തുടക്കത്തിനായി വിജയ ദശമി ദിനത്തില്‍ അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് വേണ്ടി ‘മലയാളം’ സാംസ്‌കാരിക സംഘടന ഒരുക്കുന്ന ‘വിദ്യാരംഭം’ ഒക്ടോബര്‍ 11 ന്. വിജയ ദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കുന്നത് വിദ്യയ്ക്കും ഐശ്വര്യത്തിനും നല്ലതാണെന്നാണ് വിശ്വാസം. താല പ്ലാസ ഹോട്ടലില്‍ നടക്കുന്ന ഈ ചടങ്ങുകളില്‍ അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു കൊടുക്കുന്നത് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ബെന്യാമീനാണ്. വിദ്യാരംഭത്തെ തുടര്‍ന്ന് മെറിറ്റ് ഈവനിംഗും സാഹിത്യ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

അയര്‍ലണ്ടിലെ പഴക്കമുള്ള മലയാളി സാംസ്‌കാരിക സംഘടനയായ ‘മലയാളം’ വര്‍ഷങ്ങളായി വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്. തിരക്കിട്ട മറുനാടന്‍ ജീവിതത്തിനിടയിലും മലയാളത്തനിമ നിലനിര്‍ത്താന്‍ അയര്‍ലണ്ട് മലയാളികളെ പ്രേരിപ്പിക്കുന്നതില്‍ ഈ സംഘടനയ്ക്ക് വലിയ പങ്കുണ്ട്. പരമ്പരാഗത രീതിയില്‍ തന്നെയാണ് മലയാളം ഇത്തവണയും വിദ്യാരംഭം ഒരുക്കിയിരിക്കുന്നത്.

ജ്ഞാനപീഠ ജേതാവായ എം. ടി വാസുദേവന്‍ നായര്‍ മുതല്‍ ജയശ്രീ ശ്യംലാല്‍ വരെയുള്ള പ്രശസ്ത വ്യക്തിത്വങ്ങളാണ് മുന്‍ വര്‍ഷങ്ങളില്‍ മലയാളം ഒരുക്കിയ വിദ്യാരംഭത്തിനായി എത്തിയിട്ടുള്ളത്. ഈ നിരയിലേക്കാണ് ഇത്തവണ കേരളത്തിന്റെ യുവ കഥാകൃത്തായ ബെന്യാമിന്‍ എത്തുന്നത്. 2009 ലാണ് ആടുജീവിതം എന്ന തന്റെ കൃതിയ്ക്ക് മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. ഒരു മറുനാടന്‍ മലയാളിയുടെ ജീവിത സാഹചര്യങ്ങള്‍ പച്ചയായി ആവിഷ്‌കരിച്ചിരിക്കുന്ന നോവലാണ് ആടുജീവിതം. സ്വന്തം ജീവിതാനുഭവങ്ങളുമായി ഇടകലര്‍ത്തിയായിരുന്നു എന്നും അദ്ദേഹം എഴുതിയിരുന്നത്. വ്യത്യസ്ഥങ്ങളായ ഏഴോളം നോവലുകളും മറ്റ് കഥാസമാഹാരങ്ങളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്. അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് അദ്ദേഹത്തിന്റെ സാനിധ്യത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ കഴിയുന്നത് ഒരു അനുഗ്രഹമായിരിക്കും.

വിദ്യാരംഭത്തിന് ശേഷം നടക്കുന്ന മെറിറ്റ് ഈവനിംഗില്‍ ഈ വര്‍ഷം നടന്ന ജൂനിയര്‍ സെര്‍ട്ട്, ലിവിങ് സേര്‍ട്ട് പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അനുമോദനവും മലയാളം രൂപകല്പന ചെയ്ത മൊമന്റോയും നല്‍കുന്നതായിരിക്കും. ഇതിനോടൊപ്പം പ്രശസ്ഥരായ അനേക വ്യക്തികള്‍ ഒത്തു ചേരുന്ന സാഹിത്യ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.

ഒക്ടോബര്‍ 11-ാം തീയ്യതി നടക്കുന്ന ഈ ചടങ്ങുകളിലേയ്ക്ക് മലയാളം സാംസ്‌കാരിക സംഘടന ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

വര്‍ഗീസ് ജോയ്              – 098 466 2664
മിട്ടു ഷിബു                     – 087 329 8542
സെബി സെബാസ്റ്റിന്‍       – 087 226 3917
സുജ സജിത്ത്                – 087 667 8756
വി. ഡി രാജന്‍                – 087 057 3885

 

 
എ എം

Share this news

Leave a Reply

%d bloggers like this: