അനധികൃത ഗേറ്റ് നിര്‍മ്മാണത്തിനെതിരെ നടപടി നേരിട്ട് ഡെന്‍സ് സ്റ്റോര്‍

ഡബ്ലിന്‍ : ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ ഡെന്‍സ് സ്റ്റോറിന് മുന്‍വശം കെട്ടി അടച്ചതിന് കമ്പനിക്ക് എതിരായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നു. ഈ മാസം ആദ്യമാണ് സ്റ്റോറിന്റെ മുന്‍വശത്ത് അനധികൃതമായി ഗേറ്റ് നിര്‍മ്മിച്ചത്.

തെരുവില്‍ അന്തിയുറങ്ങുന്നവര്‍ രാത്രി സ്റ്റോറിന് മുന്‍വശത്ത് കിടക്കാതിരിക്കാനാണ് ഗേറ്റ് കെട്ടി അടച്ചതെന്നാണ് ആക്ഷേപം. വീടില്ലാത്തവരെ സഹായിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ കെയര്‍ ഡിയസ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്ക് സ്റ്റോറിന് മുന്‍വശത്ത് വെച്ച് ആഹാര സാധനങ്ങളും നല്‍കിയിരുന്നു. സ്റ്റോറിന്റെ കോമ്പൗണ്ടിന് അകത്തേക്ക് പ്രവേശിക്കാന്‍ ഒരു താക്കോല്‍ തന്നാല്‍ മതി എന്ന നിര്‍ദ്ദേശം സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വെച്ചെങ്കിലും സ്റ്റോര്‍ അധികൃതര്‍ അത് തള്ളിക്കളഞ്ഞു.

2000-2015 ലെ പ്ലാനിംഗ് & ഡെവലപ്പ്‌മെന്റ് ആക്ട് പ്രകാരമാണ് സ്റ്റോറിനെതിരെ നടപടി എടുത്തിരിക്കുന്നത്. ഈ മാസം അഞ്ചാം തീയതിയാണ് ഡെന്‍സ് സ്റ്റോറിന് മുന്‍വശത്ത് അനധികൃതമായി ഗേറ്റ് നിര്‍മ്മിക്കുന്നു എന്ന പരാതി പ്ലാനിംഗ് എന്‍ഫോഴ്മെന്റ് സെക്ഷന്‍ ലഭിക്കുന്നത്. സ്റ്റോറിന് ഈ കാര്യത്തില്‍ പ്രതികരിക്കാനായി നാല് ആഴ്ചത്തെ സാവകാശം കൊടുത്തിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് വിശ്വാസമെന്നും ഉടന്‍ തന്നെ ഗേറ്റ് പൊളിച്ച് മാറ്റണമെന്നും സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലര്‍ സിന്‍ഫിന് അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: