നെടുമ്പാശ്ശേരിയില്‍ യാക്കോബായ – ഓര്‍ത്തഡോക്‌സ് സംഘര്‍ഷം

അത്താണി : നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സ്‌കൂളിലെ കനക ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നതിനിടയിലാണ് യാക്കോബായ സഭാംഗങ്ങള്‍ പ്രതിഷേധവുമായി കടന്നു വന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് റൂറല്‍ എസ്പി ഉണ്ണി രാജന്റെ നേതൃത്വത്തില്‍ വാന്‍ പോലീസ് സന്നാഹം സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന പ്രതിഷധ യോഗത്തില്‍ സഭയിലെ വൈദികരും പള്ളി ഭാരവാഹികളും ഭക്ത സംഘടന പ്രതിനിധികളും പങ്കെടുത്തു.

ഈ സ്‌കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലാണ്. എന്നാല്‍ സ്‌കൂളിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്നും അനധികൃതമായി കൈവശം വെച്ചിരിരിക്കുന്ന സ്‌കൂള്‍ വിട്ട് നല്‍കണമെന്നുമാണ് യാക്കോബായ സഭ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന യാക്കോബായ സഭ ഉന്നതാധികാര സമിതിയാണ് ഈ ആവശ്യം ഉന്നയിച്ചത്.

വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗറിയോസ് മെത്രോപ്പൊലീത്തയാണ് ഈ സ്‌കൂളിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ ചരമ സുവര്‍ണ്ണ ജൂബിലി ആചരണം നടക്കുന്നതിനിടയിലാണ് പുതിയ വിവാദം ഉയരുന്നത്. യാക്കോബായ സഭ നെടുമ്പാശ്ശേരിയില്‍ വിപുലമായ അനുസ്മരണ സമ്മേളനം നടത്താണ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം നെടുമ്പാശ്ശേരി സ്‌കൂളില്‍ വെച്ച് ചരമ ജൂബിലി ആഘോഷിക്കാന്‍ തീരുമാനിച്ചതാണ് ഇപ്പോള്‍ തര്‍ക്കത്തിനും പ്രതിഷേധത്തിനും കാരണമാകുന്നത്.

നെടുമ്പാശ്ശേരിയില്‍ ഇത്തരമൊരു ചടങ്ങ് ഓര്‍ത്തഡോക്‌സ് സഭ സംഘടിപ്പിക്കുന്നത് യാക്കോബായ സഭയോടുള്ള വെല്ലുവിളിയാണെന്ന് ശ്രേഷ്ഠ കാത്തോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. ഓര്‍ത്തഡോക്‌സ് വിഭാഗം ഏകപക്ഷീയമായി സ്‌കൂളില്‍ നടത്തുന്ന സഭാപരമായ പരിപാടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സഭ സര്‍ക്കാരിനും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: