നോട്ട് ക്ഷാമം; ശമ്പള ദിനത്തില്‍ പ്രതിസന്ധി നേരിടുമെന്ന് ധനകാര്യമന്ത്രി

നോട്ട് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ശമ്പള ദിനം അടുത്തതോടെ പ്രതിസന്ധി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. സഹകരണ ബാങ്കുകളുടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സഹകരണ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉന്നതതല യോഗവും ഇന്ന് ചേരുന്നുണ്ട്. നാളെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ തുകയും വിതരണം ചെയ്യേണ്ടത്.

1300 കോടി രൂപ ഇതിന് പണമായി വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 10 ലക്ഷത്തോളം പേര്‍ക്ക് 3000 കോടി രൂപയാണ് നാളെ നല്‍കേണ്ടത്. പണമായി നേരിട്ടും ട്രഷറികള്‍ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും പണം സ്വീകരിക്കുന്നവരുണ്ട്. ഇതില്‍ നേരിട്ട് ശമ്പളം പണമായി സ്വീകരിക്കുന്നവര്‍ക്കും ട്രഷറികള്‍ വഴി പണം വാങ്ങുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യാനാവശ്യമായ നോട്ടുകളാണ് ആവശ്യമുള്ളത്. ബാങ്കുകള്‍ വഴി ഈ പണം ട്രഷറികളില്‍ എത്തിച്ചില്ലെങ്കില്‍ ശമ്പള വിതരണം അവതാളത്തിലാവും. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പണമായി പിന്‍വലിക്കുന്നതില്‍ ബുദ്ധിമുട്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഈ മാസത്തെ ശമ്പളവും പെന്‍ഷവും ജീവനക്കാരുടെയു പെന്‍ഷന്‍കാരുടെയും അക്കൗണ്ടുകളില്‍ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ ഇത് പണമായി പിന്‍വലിക്കാന്‍ അവര്‍ ശ്രമിച്ചാല്‍ കടുത്ത പ്രതിസന്ധിയിലേക്ക് പോകും.

1000 കോടി രൂപയെങ്കിലും പണമായി നല്‍കണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല മറുപടി ഒന്നും ലഭിച്ചിട്ടില്ല. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സര്‍ക്കാറിന്റെ വരുമാനം ഗണ്യമായി ഇടിഞ്ഞതിനാല്‍ അടുത്ത മാസത്തെ ശമ്പളം എങ്ങനെ നല്‍കുമെന്ന കാര്യത്തില്‍ സര്‍ക്കാറിന് ഇതുവരെ ഒരു ധാരണയിലും എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: