പ്രവാസികള്‍ക്ക് സൗജന്യമായി ഇ-ഗേറ്റ് സേവനവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റ് സേവനം പ്രവാസികള്‍ക്ക് സൗജന്യമായി ഉടന്‍ ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയി.
നിലവില്‍ ഖത്തറി പൗരന്മാര്‍ക്ക് ഇ-ഗേറ്റ് സൗജന്യമായി ലഭ്യമാണ്. പ്രവാസികള്‍ക്കും സേവനം സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള ജോലികള്‍ പുരോഗതിയിലാണ്. മണിക്കൂറുകളോളം ഇമിഗ്രേഷന്‍ നടപടികള്‍ക്കായി കാത്തുനില്‍ക്കുന്നത് ഇ-ഗേറ്റ് സേവനത്തിലൂടെ ഒഴിവാക്കാന്‍ കഴിയും. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറുകളില്‍ നിലവില്‍ രണ്ടുമണിക്കൂറോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഇ-ഗേറ്റ് സേവനത്തിലൂടെ ചെക്ക് ഇന്‍-ചെക്ക് ഔട്ട് നടപടികള്‍ 16 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാകും.

ഏതാനും മാസങ്ങള്‍ക്കുമുമ്ബാണ് വിമാനത്താവളത്തില്‍ ഇ-ഗേറ്റ് സംവിധാനം തുടങ്ങിയത്. അറുപതിനായിരത്തോളം പേരാണ് ഇതുവരെ ഇ-ഗേറ്റ് സേവനം ഉപയോഗിച്ചത്. വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി വകുപ്പ് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് കൗണ്ടറുകളിലെ കാലതാമസം കുറയ്ക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തേക്കുള്ള പ്രവേശനവും നിര്‍ഗമനവും ആധുനികീകരിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ദേശീയദര്‍ശനരേഖ 2030-ന്റെ ചുവടുപിടിച്ചാണ് പുതിയ നടപടികള്‍ സ്വീകരിക്കുന്നത്.

നിലവില്‍ 48 പാസ്‌പോര്‍ട്ട് കൗണ്ടറുകളും പത്ത് ഇ-ഗേറ്റുകളുമുണ്ട്. വിമാനങ്ങള്‍ മിക്കതും ഒരേസമയം ലാന്‍ഡ് ചെയ്യുന്നതാണ് മിക്കപ്പോഴും കൗണ്ടറുകളില്‍ നീണ്ട ക്യൂവിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറൈവല്‍ കൗണ്ടറുകളില്‍ പരമാവധി 20 മിനിറ്റാണ് ഇമിഗ്രേഷന്‍ നടപടികള്‍ക്കായി വേണ്ടത്. ഇ-ഗേറ്റ് വഴിയുള്ള പ്രവേശനവും നിര്‍ഗമനവും വളരെയധികം സമയലാഭത്തിനിടയാക്കും.

ഇ-ഗേറ്റിലെത്തുന്ന യാത്രക്കാരന്‍ തന്റെ ഇ-ഗേറ്റ് കാര്‍ഡ് ഗേറ്റില്‍ പഞ്ച് ചെയ്യണം. ഇലക്ട്രോണിക് സ്‌കാനറില്‍ ചൂണ്ടുവിരല്‍ പ്രസ്സ് ചെയ്യണം. ഉടന്‍ ഇ-ഗേറ്റിനുള്ളില്‍ പ്രവേശിക്കാനാകും. ഇ-ഗേറ്റിനുള്ളിലെ ക്യാമറയില്‍ മുഖം പതിപ്പിക്കുന്നതോടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. ഇ-ഗേറ്റ് കാര്‍ഡിനായി രേഖാമൂലമുള്ള അപേക്ഷകള്‍ നല്‍കേണ്ടതില്ല. 16-ന് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഇ-ഗേറ്റ് സേവനം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇ-ഗേറ്റ് ഉപയോഗിക്കണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി ആവശ്യമാണ്. നിലവില്‍ ഒരു വര്‍ഷത്തേക്ക് നൂറ് റിയാലും രണ്ടുവര്‍ഷത്തേക്ക് 150 റിയാലും മൂന്നുവര്‍ഷത്തേക്ക് 200 റിയാലുമാണ് ഇ-ഗേറ്റില്‍ ഫീസ് ഈടാക്കുന്നത്. ഖത്തര്‍ ഐ.ഡി. കാര്‍ഡിന്റെ കാലാവധി തീയതി അടിസ്ഥാനമാക്കിയാണ് ഫീസ്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടര്‍യാത്രയ്ക്കായി അഞ്ചുമണിക്കൂറില്‍ കൂടുതല്‍ കാത്തിരിക്കുന്നവര്‍ക്ക് സൗജന്യമായി ട്രാന്‍സിറ്റ് വിസ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഖത്തര്‍ എയര്‍വേയ്‌സിന്റെ യാത്രക്കാര്‍ക്ക് മാത്രമാണ് നിലവില്‍ സൗജന്യ ട്രാന്‍സിറ്റ് വിസ ലഭിക്കുന്നത്. സുരക്ഷാനടപടികളുടെ ഭാഗമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും വിരലടയാള പരിശോധന വിമാനത്താവളത്തില്‍വെച്ചുതന്നെ പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനവും ഉടന്‍ ആരംഭിക്കുമെന്ന് നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഏതൊരു വ്യക്തിയുടെയും പശ്ചാത്തലം നിമിഷങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ക്ക് അറിയാന്‍ കഴിയും.

 
എ എം

 

Share this news

Leave a Reply

%d bloggers like this: