ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കന്‍ ഗഗനചാരി ഗ്‌ളെന്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: ഭൂമിയെ വലംവച്ച ആദ്യ അമേരിക്കന്‍ ബഹിരാകാശസഞ്ചാരിയും മുന്‍ ഒഹായോ സെനറ്ററുമായ ജോണ്‍ ഗ്ലെന്‍ (95) അന്തരിച്ചു. കൊളംബസിലെ ജെയിംസ് കാന്‍സര്‍ ആശുപത്രിയിലായിരുന്നു ലോകത്തെ ഏറ്റവും പ്രായമേറിയ ബഹിരാകാശ യാത്രികന്റെ അന്ത്യം. 1921ല്‍ ജനിച്ച ജോണ്‍ ഗ്ലെന്‍ നാസയില്‍ എത്തുന്നതിനു മുമ്ബ് യുദ്ധവിമാനത്തിന്റെ പൈലറ്റായി രണ്ടാം ലോകമഹായുദ്ധത്തിലും കൊറിയന്‍ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്.

1962 ഫെബ്രുവരി 20ന് ഫ്രണ്ട്ഷിപ്പ് 7 എന്ന ബഹിരാകാശ വാഹനത്തിലാണ് ജോണ്‍ ഗ്ലെന്‍ ഭൂമിയെ മൂന്നുതവണ വലം വച്ചത്. അന്നത്തെ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ പ്രിയപ്പെട്ടവനായി മാറിയ ജോണ്‍ ഗ്ലെന്‍ രാഷ്ട്രീയത്തിലും സജീവമായി.

24 വര്‍ഷം ഒഹായോയെ സെനറ്റില്‍ പ്രതിനിധീകരിച്ചു. 1957ല്‍സ്പുട്‌നിക് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് സോവ്യറ്റ് യൂണിയനാണ് ബഹിരാകാശപര്യവേഷണത്തിനു തുടക്കംകുറിച്ചത്.

റഷ്യയുടെ യൂറി ഗഗാറിനാണ് ലോകത്തെ പ്രഥമ ബഹിരാകാശ സഞ്ചാരി. സോവ്യറ്റ് യൂണിയന്റെ കുത്തക തകര്‍ത്തുകൊണ്ട് ഭൂമിയെ വലംവച്ച് ബഹിരാകാശ പര്യവേഷണം നടത്തിയതിനെത്തുടര്‍ന്നു ഗ്ലെന്‍ അമേരിക്കയില്‍ വീരനായകനായി.

ആദ്യമായി ഭൂമിയെ ചുറ്റിയതിനുശേഷം 36 വര്‍ഷങ്ങള്‍ക്കുശേഷം ജോണ്‍ ഗ്ലെന്‍ 1998 ഒക്ടോബര്‍ 29ന് ഒരിക്കല്‍ക്കൂടി ബഹിരാകാശത്തേക്ക് പറന്നു. 77-ാം വയസില്‍ ഡിസ്‌കവറി ഷട്ടിലില്‍ നടത്തിയ യാത്ര ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കൂടിയ ആള്‍ എന്ന ബഹുമതിയും അദ്ദേഹത്തിനു നല്‍കി.

2012ല്‍ യുഎസിലെ പരമോന്നത ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ജോണ്‍ ഗ്ലെന്നിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവര്‍ അനുശോചിച്ചു. അന്നയാണ് ജോണ്‍ ഗ്‌ളെന്നിന്റെ ഭാര്യ. കരോളിന്‍, ജോണ്‍ ഡേവിഡ് എന്നിവര്‍ മക്കളാണ്.

 
എ എം

Share this news

Leave a Reply

%d bloggers like this: