ഭവന പ്രതിസന്ധി പരിഹാര മാര്‍ഗ്ഗങ്ങളുമായി ഗ്രീന്‍ പാര്‍ട്ടി

ഡബ്ലിന്‍: ഭവന പ്രതിസന്ധി നേരിടുന്ന അയര്‍ലണ്ടിനെ അതില്‍ നിന്നും മോചിപ്പിക്കാന്‍ ഉതകുന്ന പ്രശ്‌ന പരിഹാര മാര്‍ഗ്ഗങ്ങള്‍ പ്രഖ്യാപിച്ചു ഗ്രീന്‍ പാര്‍ട്ടി സജ്ജീവമാകുന്നു. പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് വിഷയത്തിലെ പാര്‍ട്ടിയുടെ നിലപാട് കഴിഞ്ഞ ആഴ്ച മന്ത്രി സഭ തള്ളിക്കളഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് തങ്ങളുടെ ഭവന പ്രതിസന്ധി പ്രശ്‌നത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജനുവരിയില്‍ മന്ത്രിസഭക്ക് മുന്‍പാകെ സമര്‍പ്പിക്കുമെന്ന് പാര്‍ട്ടി ലീഡര്‍ എമോണ്‍ റൈന്‍ അറിയിച്ചിരിക്കുകയാണ്.

ഡബ്ലിനില്‍ മാത്രം നല്‍കി വന്ന 28,000 പ്ലാനിങ് അനുമതി വന്‍കിടക്കാര്‍ക്ക് വേണ്ടി മാത്രമാണെന്നും ഭവന പ്രതിസന്ധിയെ മറികടക്കാന്‍ അല്ലെന്നും എമോണ്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ശ്രമങ്ങള്‍ അപര്യാപ്തമായ സാഹചര്യത്തില്‍ ആണ് ഗ്രീന്‍ പാര്‍ട്ടി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡബ്ലിന്‍ നഗരത്തില്‍ 60 ഹെക്ടര്‍ ഭൂമി 280 പ്രതേശങ്ങളിലായി ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും അത് ഭവന നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നുമാണ് ഗ്രീന്‍ പാര്‍ട്ടി നല്‍കുന്ന ഒന്നാമത്തെ മാര്‍ഗ്ഗനിര്‍ദ്ദേശം. കൂടാതെ അവഗണിക്കപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങള്‍ വീണ്ടും ഉപയോഗിക്കാന്‍ തയ്യാറായാല്‍ അതും ഭവന പ്രതിസന്ധി കുറയ്ക്കാന്‍ സഹായകമാകും. ഇതാണ് പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന രണ്ടാമത്തെ നിലപാട്. മൂന്നാമതായി പറയുന്നത് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയ്ക്ക് കര്‍ശനമായി നികുതി ഏര്‍പ്പെടുത്തുക എന്നതാണ്. നികുതി ഏര്‍പ്പെടുത്തുമ്പോള്‍ ഊഹക്കച്ചവടങ്ങള്‍ക്കു തടയിടാന്‍ കഴിയുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൂചിപ്പിക്കുന്നു.

ഒഴിഞ്ഞു കിടക്കുന്ന ഭൂമിക്കും, കെട്ടിടങ്ങള്‍ക്കും 2019 വരെ നികുതി ഏര്‍പ്പെടുത്താന്‍ നിയമമില്ലന്നാണ് അറ്റോണി ജനറലിന്റെ നിലപാട്. ചെറിയ വീടുകള്‍ക്കു നികുതി ഈടാക്കിയും, വന്‍കിടക്കാര്‍ക്ക് ലാഭം ഈടാക്കാന്‍ വേണ്ടി നികുതി സേവനങ്ങള്‍ വേണ്ടവിധത്തില്‍ ഭേദഗതി ചെയ്യുകയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ഗ്രീന്‍ പാര്‍ട്ടി. സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാ ശക്തിയെ ചോദ്യം ചെയ്യുകയും, ഭരണഘടനാ വിരുദ്ധമായ വസ്തു നികുതി സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന എന്റാ കെന്നി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുമുള്ള  നീക്കത്തിലാണ് ഗ്രീന്‍ പാര്‍ട്ടി വക്താക്കള്‍.

എ എം

Share this news

Leave a Reply

%d bloggers like this: