ഡബ്ലിന്‍ കപ്പൂച്ചിന്‍ ഡെ സെന്ററിലും, ലീമെറിക് ഫുഡ് ബാങ്കിലും ക്രിസ്മസ് ഭക്ഷണ കിറ്റുകള്‍ക്കു വേണ്ടി നീണ്ട നിര

ഡബ്ലിന്‍: ഡബ്ലിന്‍ കപ്പൂച്ചിന്‍ ഡെ സെന്ററില്‍ ക്രിസ്മസ് ഫുഡ്പാക്കിന് വേണ്ടി മൂവായിരത്തോളം ആളുകളുടെ നീണ്ട വരി അനുഭവപ്പെട്ടു. വ്യാഴാച രാവിലെ 6 .30 മുതല്‍ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ ആഴ്ചകളിലും ആവശ്യക്കാര്‍ക്ക് ഭക്ഷണ പാക്കുകള്‍ വിതരണം ചെയ്യുന്ന കപ്പൂച്ചിന്‍ സെന്റര്‍ ഡബ്ലിനില്‍ ഭക്ഷണ വിതരണത്തിന് പ്രാധാന്യം നല്‍കുന്ന ഏറ്റവും വലിയ സന്നദ്ധ സ്ഥാപനമാണ്.

ഇവിടെ ഏന്തുന്നവരോട് കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കാറില്ലെന്നും, ആവശ്യക്കാര്‍ മാത്രമേ ഭക്ഷണത്തിനു വേണ്ടി ഇത്രയും കാത്തിരിപ്പ് നടത്തുന്നുള്ളു എന്നും മനസിലാക്കുന്നതായി കപ്പൂച്ചിന്‍ ഡെ സെന്റര്‍ നടത്തിപ്പ് കൈകാര്യം ചെയ്യുന്ന ബ്രദര്‍ കെവിന്‍ വ്യക്തമാക്കുന്നു. ഇവിടെ എത്തുന്ന ഓരോരുത്തര്‍ക്കും ഭക്ഷണ പാക്കുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാറുണ്ടെന്നും കെവിന്‍ പറഞ്ഞു. ഈ വര്‍ഷം സെന്ററിലെ തിരക്ക് വര്‍ധിച്ചതായും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ലീമെറിക് സിറ്റി ഫുഡ് ബാങ്കിന് മുന്നിലും ഫുഡ് ബാഗിന് വേണ്ടി കാത്തു നില്‍ക്കുന്നവരുടെ നീണ്ട നിര കാണാം. വ്യാഴാച വൈകുന്നേരങ്ങളില്‍ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. 2500 ഫുഡ് ബാഗുകള്‍ തയ്യാറാക്കി വെച്ചെങ്കിലും ആളുകളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് നൂറോളം പേരെ തിരിച്ചയക്കേണ്ടിയും വന്നു എന്ന് അധികൃതര്‍ പറയുന്നു.

ലീമെറിക്കിലെ സെന്റ് ജോണ്‍സ് പവലിയനില്‍ 1970-ല്‍ ആരംഭിച്ച ഈ സേവനം മത സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ലീമെറിക് സിറ്റിയിലും കൗണ്ടിയിലുമായി 6000 ഭക്ഷണ കിറ്റ് ആണ് പല ഭക്ഷണ കേന്ദ്രങ്ങളിലൂടെയും വിതരണം ചെയ്യപ്പെട്ടത്. ഇതിനു പുറമെ താത്കാലിക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടി ഭക്ഷണ കിറ്റുകള്‍ എത്തിച്ചുകൊടുക്കുന്ന സന്നദ്ധ കേന്ദ്രങ്ങളുമുണ്ട്.

കൊടും തണുപ്പിനെ വകവെയ്ക്കാതെ മണിക്കൂറുകളോളം ഇത്തരം സന്നദ്ധ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്ന ഐറിഷുകാര്‍ ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നതായാണ് ഇത്തരം സേവന കേന്ദ്രങ്ങള്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുമ്പോള്‍; വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പദ്ധതികള്‍ക്ക് ജനങ്ങളുടെ പട്ടിണി അകറ്റാന്‍ കഴിയുന്നില്ലേ എന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: