യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടീഷ് പ്രതിനിധി രാജിവച്ചു; ബ്രക്സിറ്റ്‌ന് തിരിച്ചടി

ബ്രെക്‌സിറ്റിനുശേഷമുള്ള യൂറോപ്യന്‍ യൂണിയന്‍-ബ്രിട്ടണ്‍ സഹകരണത്തെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ നടക്കാനിരിക്കേ, യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടീഷ് അംബാസഡര്‍ സര്‍ ഇവാന്‍ റോജര്‍ അപ്രതീക്ഷിതമായി രാജിവച്ചു. യൂറോപ്യന്‍ യൂണിയന്‍-ബ്രിട്ടീഷ് വ്യാപാരകരാറുകളില്‍ അന്തിമ തീരുമാനമാകാന്‍ പത്തുവര്‍ഷമെടുക്കുമെന്ന് ഇവാന്‍ പറഞ്ഞതു നേരത്തെ വിവാദമായിരുന്നു.

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരസഹകരണം സംബന്ധിച്ച അന്തിമചര്‍ച്ച നടത്താന്‍ 28 അംഗ സംഘത്തെ നയിക്കേണ്ടിയിരുന്നത് ഇദ്ദേഹമായിരുന്നു. ഇവാന്റെ രാജി സ്ഥിരീകരിച്ച ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ്, രാജിക്കു പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ യൂറോപ്യന്‍ യൂണിയനിലെ പ്രതിനിധിയെന്ന പദവിയാണ് ഇവാന്‍ വഹിച്ചിരുന്നത്.

ഒരു നിര്‍ണായക ഘട്ടത്തിലാണു യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ രാജിവച്ചതെന്നു പാര്‍ലമെന്റിന്റെ ബ്രെക്‌സിറ്റ് സെലക്ട് കമ്മിറ്റി ചെയര്‍മാന്‍ ഹിലരി ബെന്‍ എംപി പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായി ബ്രിട്ടനുള്ള നയം വ്യക്തമാക്കുന്നതിനായി ഇവാന്റെ കീഴില്‍ 20 സര്‍ക്കാര്‍ വകുപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ഇദ്ദേഹം 2017 നവംബറിലാണ് തസ്തികയില്‍നിന്നു വിരമിക്കേണ്ടിയിരുന്നത്.

യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരകരാറുകള്‍ പൂര്‍ത്തിയാകാന്‍ പത്തുവര്‍ഷമെടുത്തേക്കുമെന്ന ഇവാന്റെ രഹസ്യസന്ദേശം ബിബിസി വാര്‍ത്തയാക്കിയിരുന്നു. രഹസ്യം ചോര്‍ന്നതു മൂലമുള്ള സമ്മര്‍ദ്ദമാണു രാജിയിലേക്കു വഴിവച്ചതെന്നാണു നിഗമനം. മാര്‍ച്ച് 30 ഓടെ ബ്രെക്‌സിറ്റ് പൂര്‍ണമായും നടപ്പാക്കാന്‍ പ്രധാനമന്ത്രി തെരേസ മേ ശ്രമിക്കുന്നിതിനിടെയാണു പുതിയ സംഭവവികാസങ്ങള്‍.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: