ഷീന ബോറ വധക്കേസ്: ഇന്ദ്രാണിക്കും പീറ്റര്‍ മുഖര്‍ജിക്കുമെതിരെ കൊലക്കുറ്റം ചുമത്തി

മുംബൈ: ഷീന ബോറ കൊലക്കേസില്‍ രണ്ടാനച്ഛന്‍ പീറ്റര്‍ മുഖര്‍ജിക്കും അമ്മ ഇന്ദ്രാണിക്കും എതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ട് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 24കാരിയായ ഷീനബോറയുടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഏറെ വിവാദമായ കേസിന്റെ വിചാരണ ഫെബ്രുവരി ഒന്നിന് ആരംഭിക്കും.

ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ ഖന്നക്കെതിരെ സി.ബി.ഐ വധശ്രമത്തിന് കുറ്റപ്പത്രം സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ സഹോദരി ഷീനയുടെ തിരോധാനത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചതാണ് സ്വന്തം മകനെ കൊലപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് ഇന്ദ്രാണിയെ എത്തിച്ചത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഇന്ദ്രാണിയുടെ ഡ്രൈവറായ ശ്യാംവര്‍ റോയിയെ മാപ്പുസാക്ഷിയായി നേരത്തേ സി.ബി.ഐ പ്രഖ്യാപിച്ചിരുന്നു. സ്വത്തുതര്‍ക്കമാണ് ഷീനയെ കൊല്ലാന്‍ ഇന്ദ്രാണിയെ പ്രേരിപ്പിച്ചത്. കൊലപാതകത്തെക്കുറിച്ച പീറ്റര്‍ മുഖര്‍ജിക്ക് തുടക്കം മുതലേ അറിയാമായിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്.

2012 ഏപ്രില്‍ 12നാണ് ഡ്രൈവറുടേയും മുന്‍ഭര്‍ത്താവിന്റെയും സഹായത്തോടെ ഇന്ദ്രാണി മുഖര്‍ജി മകള്‍ ഷീനയെ കൊലപ്പെടുത്തിയത്. മുഴുവനും കത്തിനശിക്കാത്ത ഷീനയുടെ ശരീരഭാഗങ്ങള്‍ 2015ലാണ് മുംബൈക്കടുത്ത് കാട്ടില്‍ നിന്ന് കണ്ടെടുത്തത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: