ബാങ്ക് ഡെപ്പോസിറ്റുകള്‍ വര്‍ദ്ധിക്കുന്നു; വായ്പകള്‍ അനുവദിക്കുന്നതുമില്ല – നോട്ട് നിരോധനത്തിന് പിന്നിലെ ശരിയായ അജണ്ട എന്ത് ?

നോട്ടു നിരോധനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം വെറുതെയാകുന്നു. മോദിയുടെ നോട്ട് നിരോധനത്തിന് ശേഷമുള്ള എട്ടാഴ്ചകൊണ്ട് രാജ്യത്തെ ബാങ്കുകളില്‍ ഡെപ്പോസിറ്റില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വായ്പകള്‍ അനുവദിക്കുന്നില്ല. നോട്ട് നിരോധനത്തിന് ശേഷം നല്‍കിയ മൊത്തം വായ്പ 60,000 കോടിരൂപ മാത്രം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 2,66,900 കോടിരൂപ നല്‍കിയ സ്ഥാനത്താണിത്.

ആര്‍.ബി.ഐ.യുടെ കണക്കനുസരിച്ച് 2016 നവംബര്‍ 11 വരെ 73,53,280 കോടി രൂപയാണ് വായ്പയായി നല്‍കിയത്. 2017 ജനുവരി ആറിന് ഇത് 74,13,415 കോടിയായി ഉയര്‍ന്നു. നോട്ട് നിരോധനത്തിനു മുമ്പ് വായ്പാവളര്‍ച്ചയുടെ നിരക്ക് 9.1 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 5.14 ശതമാനമാണ്. ബാങ്കുകളുടെ വായ്പാവിതരണവളര്‍ച്ചയെ നോട്ട് നിരോധനം വലിയ രീതിയില്‍ ബാധിച്ചെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ നോട്ട് നിരോധനം കാരണം നിക്ഷേപത്തില്‍ വന്‍വര്‍ധനയാണുണ്ടായിരിക്കുന്നത്. നവംബര്‍ 11 ന് മൊത്തം നിക്ഷേപം 1,01,14,800 കോടിയായിരുന്നെങ്കില്‍ ജനുവരി ആറിന് അത് 1,05,84,171 കോടിയായി ഉയര്‍ന്നു. 4,69,371 കോടിയുടെ വര്‍ദ്ധന. കറന്‍സി നിരോധനത്തിന്റെ ഭാഗമായി ബാങ്കുകളില്‍ നിക്ഷേപമായി എത്തിയ രൂപയ്ക്ക് മേല്‍ വായ്പ അനുവദിക്കരുതെന്ന രഹസ്യ നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിനെ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ഒരു വശത്ത് കാഷ് ലെസ് ഇക്കണോമി ,ഡിജിറ്റല്‍ ഇക്കണോമി എന്നൊക്കെ പ്രസ്താവിക്കുമ്പോള്‍ വായ്പകള്‍ അനുവദിക്കാതിരിക്കുന്നത് ദുരൂഹമായി തുടരുന്നു. കള്ളപ്പണത്തെ അമര്‍ച്ച ചെയ്യാന്‍ എന്ന് കൊട്ടിഘോഷിച്ചെങ്കിലും ഒന്നും നടന്നില്ല. നാല് ലക്ഷം കോടി രൂപയെങ്കിലും മടങ്ങിയെത്തില്ല എന്ന് പറഞ്ഞു. ഒടുക്കം ഏറെക്കുറെ മുഴുവന്‍ തുകയും മടങ്ങിയെത്തി. കോര്‍പ്പറേറ്റുകള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തകര്‍ത്ത ഇന്ത്യന്‍ ബാങ്കുകളെ രക്ഷിക്കുക എന്ന അജണ്ടയാണ് നോട്ട് നിരോധനത്തിന് പിന്നിലുണ്ടായിരുന്നതെന്നാണ് പ്രമുഖ സാമ്പത്തീക വിദഗ്ദന്മാരുടെ അവകാശ വാദം.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: