യുഎസിന്റെ യഥാര്‍ഥ സുഹൃത്താണ് ഇന്ത്യയെന്ന് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസിലേക്ക് ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന്റെ യഥാര്‍ഥ സുഹൃത്താണ് ഇന്ത്യയെന്നു ട്രംപ് പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെല്ലാം നേരിടാന്‍ ഇന്ത്യ എന്നും ഒപ്പമുണ്ടായിരുന്നു. ഇനിയും അതു തുടര്‍ന്നു പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി മോദിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അമേരിക്കന്‍ സന്ദര്‍ശനത്തിന് ട്രംപ് മോദിയെ ക്ഷണിച്ചത്. ട്രംപുമായി ഊഷ്മളമായ സംഭാഷണമാണ് നടന്നതെന്നും വരുംകാലത്ത് ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചതായും മോദി ട്വിറ്ററില്‍ കുറിച്ചു. ട്രംപിനെ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ക്ഷണിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തിലെത്തിയ ശേഷം ട്രംപ് ടെലിഫോണില്‍ സംസാരിക്കുന്ന അഞ്ചാമത്തെ രാഷ്ട്ര തലവനാണ് മോദി. കാനഡ, മെക്സിക്കോ, ഇസ്രായേല്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ തലവന്‍മാരുമായാണ് ഇതിനു മുന്‍പ് പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ഫോണില്‍ ബന്ധപ്പെട്ടത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായി ശക്തമായ ബന്ധം സൂക്ഷിക്കുമെന്ന് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചരണ കാലയളവില്‍ പറഞ്ഞിരുന്നു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: