ആഭ്യന്തരവകുപ്പിന്റെ വീഴ്ച ; ഇത്തവണ കേരളത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ഇല്ല

ന്യൂ ഡല്‍ഹി: ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍ കേരളമില്ല. കഴിഞ്ഞ ദിവസമാണ് കേരള പൊലീസിന് ഒറ്റ മെഡല്‍ പോലും ഇല്ലെന്ന വിവരം പുറത്തുവന്നത്. കൃത്യസമയത്ത് പട്ടിക സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തരവകുപ്പിനുണ്ടായ വീഴ്ചയാണ് കേരളത്തിന് ഒറ്റ മെഡല്‍ പോലും കിട്ടാത്തതിന് കാരണമായി പറയുന്നത്. ആഭ്യന്തരവകുപ്പിന്റെ വീഴ്ചക്കെതിരെ പരാതിയും ഉയര്‍ന്നിട്ടുണ്ട്.

കൃത്യസമയത്ത് തന്നെ പട്ടിക അയച്ചുവെന്നതാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടങ്ങുന്ന സമിതിയാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്. കേരളത്തില്‍ ഐഎഎസ്-ഐപിഎസ് പോര് കൊടുമ്പിരി കൊണ്ടതോടെ പട്ടിക തയ്യാറാക്കാനുള്ള സമിതി യോഗം ചേര്‍ന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനാലാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക കേന്ദ്രത്തിന് കൈമാറാന്‍ വൈകിയെന്നതാണ് ഉയരുന്ന ആക്ഷേപം. ഇതിനെ ഖണ്ഡിച്ച് ആഭ്യന്തര വകുപ്പ് രംഗത്തെത്തുകയും പട്ടിക നേരത്തെ അയച്ചതാണെന്ന് നിലപാടറിയിക്കുകയും ചെയ്തു.

മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക സമര്‍പ്പിക്കേണ്ടത് ഡിസംബര്‍ 31ന് ആയിരുന്നു. ഇതിന് മുമ്പ് ഐപിഎസ്-ഐഎഎസ് സമിതി യോഗം ചേര്‍ന്നെന്നും പട്ടിക തയ്യാറാക്കി അയച്ചതാണെന്നും ആഭ്യന്തരവകുപ്പ് അഡീഷനല്‍ സെക്രട്ടറി നളിനി നെറ്റോ വിവാദമുയര്‍ന്നപ്പോള്‍ പ്രതികരിച്ചിരുന്നു.
എ എം

 

Share this news

Leave a Reply

%d bloggers like this: