കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 10 ആയി; തിരച്ചില്‍ തുടരുന്നു.

ശ്രീനഗര്‍: കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് മരിച്ച സൈനികരുടെ എണ്ണം 10 ആയി. കശ്മീരില്‍ ബന്ദിപ്പൊറ ജില്ലയിലുണ്ടായ മഞ്ഞിടിച്ചിലിലാണ് 10 സൈനികര്‍ മരിച്ചത്. നാലു സൈനികരെ കാണാതായി. ഗുരെസ് സെക്ടറിലെ നീരു ഗ്രാമത്തിലെ സൈനിക ക്യാമ്പിലാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. കാണാതായ സൈനികര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ബുധനാഴ്ച രാത്രി രണ്ടുതവണയായാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. അപകടത്തിനു പിന്നാലെ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു ജൂനിയര്‍ ഓഫിസര്‍ ഉള്‍പ്പെടെ ഏഴു സൈനികരെ രക്ഷപ്പെടുത്തി. മൂന്നു പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.

ഇന്നലെ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു സൈനിക ക്യാമ്പിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു മേജര്‍ കൊല്ലപ്പെടുകയും നാലു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗന്ദര്‍ബാല്‍ ജില്ലയില്‍ പെട്ട സോനാമാര്‍ഗിലെ സൈനിക ക്യാംപിനു സമീപത്തുണ്ടായ മഞ്ഞുവീഴ്ചയിലാണ് മേജര്‍ കൊല്ലപ്പെട്ടത്. സൊനമാര്‍ഗിലെ ഹൈ ആള്‍ട്ടിട്യൂഡ് വാര്‍ഫെയര്‍ സ്‌കൂളിലെ മേജര്‍ അമിതാണു ഹിമപാതത്തില്‍പ്പെട്ടു മരിച്ച സൈനിക ഓഫിസര്‍. ഒരു പട്ടാളക്കാരന്‍ കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

കശ്മീര്‍ താഴ്വരയിലെ കുറഞ്ഞ താപനില മൈനസ് മൂന്നു ഡിഗ്രിയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മൂന്നു ദിവസമായി ശ്രീനഗര്‍-ജമ്മു ഹൈവേ അടച്ചിരിക്കുകയാണ്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. കശ്മീര്‍ താഴ്വരയില്‍ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: