കേന്ദ്ര ബജറ്റിനായി പ്രവാസികള്‍ കാത്തിരിക്കുന്നു; ഇത്തവണയെങ്കിലും പരിഗണന ലഭിക്കുമോ ?

കേന്ദ്ര ബജറ്റിന് ഇനി ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഏറെ പ്രീക്ഷകളും അതിലേറെ ആശങ്കകളുമായി രാജ്യമൊന്നാകെ കാത്തിരിക്കുകയാണ്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക് സഭയില്‍ മോദി സര്‍ക്കാരിന്റെ നാലാം ബജറ്റ് അവതരിപ്പിക്കുക.

കഴിഞ്ഞ വര്‍ഷം അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റില്‍ പ്രവാസി സമൂഹത്തെ പരിഗണിച്ചില്ലെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രവാസികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന പല ആവശ്യങ്ങളും കേന്ദ്രം കണ്ടില്ലെന്ന് നടിച്ചു. നാലര ലക്ഷം കോടി രൂപ ഇന്ത്യയിലെത്തിക്കുന്ന പ്രവാസികള്‍ക്കായി കാര്യമായൊന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലില്ലായിരുന്നു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൊണ്ടുപോകാവുന്ന സ്വര്‍ണത്തിന്റെ അളവിന്റെ മാനദണ്ഡം അതിന്റെ വിലയില്‍ നിന്ന് മാറ്റി തൂക്കമായി പരിഗണിക്കണമെന്ന ആവശ്യം പോലും കേന്ദ്ര സര്‍ക്കാര്‍ ചെവികൊണ്ടില്ല.സൗജന്യ ബാഗേജ് അലവന്‍സ് വര്‍ധിപ്പിക്കുകയും കസ്റ്റംസ് ഡിക്ലറേഷന്‍ നടപടി ഉദാരമാക്കുകയും മാത്രം ചെയ്ത് കഴിഞ്ഞ വര്‍ഷം പ്രവാസി ക്ഷേമം ഒതുങ്ങുകയായിരുന്നു.

92 വര്‍ഷത്തെ കീഴ്വഴക്കം അവസാനിപ്പിച്ച് ഇത് ആദ്യമായി റെയില്‍വേ ബജറ്റും കേന്ദ്രബജറ്റിന് കീഴിലാക്കിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ ബജറ്റ് വിഹിത വിനിയോഗം തുടങ്ങാന്‍ സൗകര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 28ന് അവതരിപ്പിക്കേണ്ടിയിരുന്ന യൂണിയന്‍ ബജറ്റ് ഒരു മാസം നേരത്തെ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആസൂത്രണ കമ്മിഷന്‍ ഇല്ലാതായതിനാല്‍ പദ്ധതിച്ചിലവ്, പദ്ധതിയേതര ചിലവ് എന്നീ വകഭേദങ്ങളില്ലാത്ത ആദ്യ ബജറ്റ് എന്നീ സവിശേഷതകളും ഇത്തവണത്തെ യൂണിയന്‍ ബജറ്റിനുണ്ട്.

രൂപയെ ദുര്‍ബലമാക്കിക്കൊണ്ടു ഡോളര്‍ വില ഉയരുന്നു യുഎസില്‍ ട്രംപ് ഭരണം അധികാരത്തില്‍ വരുന്നു, നോട്ട് റദ്ദാക്കലും കറന്‍സി നിയന്ത്രണവും മൂലമുള്ള പ്രതിസന്ധിയും കഷ്ടനഷ്ടങ്ങളും, ആഗോളതലത്തിലും ആഭ്യന്തരതലത്തിലുമുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ലാത്തതും ഇത്ര പ്രശ്‌നബഹുലവുമായ സാഹചര്യത്തില്‍ ഒരു ധനമന്ത്രിക്കും ഇതേവരെ ബജറ്റ് അവതരിപ്പിക്കേണ്ടിവന്നിട്ടില്ലെന്നുള്ളതാണ് സത്യം

നോട്ട് റദ്ദാക്കലും കറന്‍സി നിയന്ത്രണവുമാണു രാജ്യത്തെയാകെ പ്രയാസത്തിലാക്കിയത്. കറന്‍സി നോട്ടിന്റെ നിരോധനം കാരണം ബാങ്കിംഗ് വ്യവസായത്തിനു മാത്രം ഒരു ലക്ഷം കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായി. രാജ്യത്തെ ഏകദേശം 50 ശതമാനം പേരെങ്കിവും വരുമാന രഹിതരായി. ഉല്‍പന്നങ്ങളുടെ വില്‍പനയിലും ഭീമമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ സമ്പദ്വ്യവസ്ഥ ആകെ പരുങ്ങലിലാണ് മുന്നോട്ട് പോകുന്നത്. ഈ വിഷമവൃത്തത്തില്‍നിന്നു കൊണ്ടുവേണം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കു ബജറ്റ് അവതരിപ്പിക്കാന്‍.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: