ഇന്ത്യയിലെ റോഡപകടങ്ങളില്‍ ഏറ്റവും കുടുതല്‍ മരണപ്പെടുന്നത് യുവാക്കള്‍

ഇന്ത്യയിലുണ്ടാവുന്ന വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ പകുതിയിലേറെയും യുവാക്കളാണെന്ന് കണക്കുകള്‍. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ദേശീയ ഉപരിതലഗതാഗത മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2015 ല്‍ രാജ്യത്തുണ്ടായ റോഡപകടങ്ങളില്‍ ഒന്നരലക്ഷം പേര്‍ മരിച്ചപ്പോള്‍ അതില്‍ എണ്‍പതിനായിരത്തോളം പേരും 15 നും 34നും മധ്യേ പ്രായമുള്ളവരായിരുന്നു. ഇതില്‍ തന്നെ 48,420 പേര്‍ 15 വയസ്സിനും 24 വയസ്സിനും മധ്യേ പ്രായമുള്ളവരുമാണെന്നും കണക്കുകള്‍ പറയുന്നു. ഇവരില്‍ 42 ശതമാനം പേരും മരിച്ചത് അമിതവേഗതയിലുള്ള ഡ്രൈവിംഗിനെ തുടര്‍ന്നാണെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും വാഹനാപകടങ്ങളില്‍ മരിക്കുന്നവരിലേറെയും യുവാക്കളാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം 15-29 പ്രായത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് വാഹനാപകടങ്ങളിലാണ്. എച്ച്ഐവി പോലുള്ള മാരകരോഗങ്ങളിലൂടേയും, ആത്മഹത്യയിലൂടേയും, കൊലപാതകങ്ങളിലൂടേയും മരണപ്പെടുന്നവരേക്കാള്‍ കൂടുതലാണ് വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം.

റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതാണ് ഇന്ത്യയില്‍ അപകടനിരക്ക് വര്‍ധിക്കാന്‍ കാരണമെന്നാണ് സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നത്. 2015ല്‍ അഞ്ച് ലക്ഷം വാഹനാപകടങ്ങളിലായി ഒന്നരലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ നാലരലക്ഷത്തിലേറെ പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അതായത് ഓരോ ദിവസവും ഇന്ത്യയിലെ റോഡുകളില്‍ 1374 വാഹനാപകടങ്ങള്‍ ഉണ്ടാവുകയും 407 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്യുന്നു.

2015ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടായ സംസ്ഥാനം തമിഴ്നാടാണ്. 69,059 വാഹനാപകടങ്ങളാണ് അവിടെ ഉണ്ടായത്. മഹാരാഷ്ട്ര (63,805), മധ്യപ്രദേശ് (54,947), കര്‍ണാടക (44,011), കേരളം (39,014) എന്നീ സംസ്ഥാനങ്ങളാണ് അപകടകണക്കില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങള്‍.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: