അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കിയശേഷം വിസ; കുടിയേറ്റ ഉത്തരവിനെതിരെ വിശദീകരണവുമായി ട്രംപ്

ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും യുഎസില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് വിശദീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പ്രസിഡന്റിന്റെ വിവാദ ഉത്തരവിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു വിശദീകരണവുമായി ട്രംപ് നേരിട്ടു രംഗത്തെത്തിയത്.

തന്റെ ഉത്തരവ് ‘മുസ്ലിം വിലക്ക്’ അല്ലെന്നും മാധ്യമങ്ങള്‍ തീരുമാനത്തെ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു. രാജ്യത്തു പഴുതടച്ചുള്ള സുരക്ഷ ഏര്‍പ്പെടുത്തിയശേഷം വിസ അനുവദിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഏഴു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കുള്ള പ്രവേശന വിലക്ക് സുഗമമായി നടപ്പിലാക്കി വരികയാണെന്നും ട്രംപ് വ്യക്തമാക്കി.

മതവുമായി നിരോധനത്തിന് ബന്ധമില്ല. രാജ്യത്തെ തീവ്രവാദത്തില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ട്രംപ് അറിയിച്ചു. 40തോളം വരുന്ന മറ്റ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ക്ക് അമേരിക്കയില്‍ വരുന്നതിന് തടസമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സിറിയയിലെ ജനങ്ങളുടെ അവസ്ഥയില്‍ ദു:ഖമുണ്ടെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.

കുടിയേറ്റക്കാരുടെ അഭിമാന രാജ്യമാണു യുഎസ്. അടിച്ചമര്‍ത്തലുകളില്‍നിന്നും രക്ഷപ്പെട്ടെത്തുന്നവരോടുള്ള കാരുണ്യപൂര്‍വമായ പെരുമാറ്റം രാജ്യം തുടരുകതന്നെ ചെയ്യും. അതേസമയം, സ്വന്തം പൗരന്‍മാരുടെയും രാജ്യത്തിന്റെയും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനുമാകില്ല. എന്നും ധൈര്യശാലികളുടെയും സ്വതന്ത്രരുടെയും നാടാണ് അമേരിക്ക.

നേരത്തെ, ട്രംപിന്റെ ഉത്തരവു ഭാഗികമായി വിലക്കി യുഎസ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. അംഗീകൃത അഭയാര്‍ത്ഥികളെയും സാധുവായ വിസയുള്ളവരെയും പുറത്താക്കുന്നതു താല്‍ക്കാലികമായി തടഞ്ഞാണു യുഎസ് ജില്ലാ ജഡ്ജി ആന്‍ ഡോണലി ന്യൂയോര്‍ക്കില്‍ അടിയന്തരവിധി പുറപ്പെടുവിച്ചത്. ഇറാന്‍, ഇറാഖ്, സിറിയ, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണു താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവു പുറപ്പെടുവിച്ചത്. സിറിയയില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അനിശ്ചിത കാലത്തേക്കും മറ്റു രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കു നാലു മാസത്തേക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എ എം

 

Share this news

Leave a Reply

%d bloggers like this: