മലിന ജല സംസ്‌കരണത്തില്‍ അപാകത: മനുഷ്യ ജീവനില്‍ അമ്മാനമാടരുതെന്ന് അയര്‍ലണ്ടിനോട് യൂറോപ്യന്‍ കമ്മീഷന്‍

ഡബ്ലിന്‍: യൂറോപ്യന്‍ പരിസ്ഥിതി സംരക്ഷണ വിഭാഗം അയര്‍ലണ്ടിനോട് കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങുന്നു. അഴുക്കു ചാലിലൂടെ ഒഴുകുന്ന മലിന ജലം നദികളിലേക്കും, കടലിലേക്കും തുറന്നുവിടുന്നത് മനുഷ്യനും ജല ആവാസ വ്യവസ്ഥക്കും വന്‍ തിരിച്ചടിയുണ്ടാക്കുമെന്നും പരിസ്ഥിതി ആഘാത വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മലിന ജല സംസ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ 2000-ത്തിലും 2005-ലും യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിര്‍ദ്ദേശം നടപ്പിലാക്കാനുള്ള കാലാവധി കഴിഞ്ഞുപോയതിനെ തുടര്‍ന്ന് അയര്‍ലണ്ടിനെതിരെ യൂറോപ്യന്‍ കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്.

കോടതിയുടെ മുന്നറിയിപ്പ് 2015-ല്‍ അവസാനിച്ചിരിക്കുന്നതിനാല്‍ ഇത് അവഗണിച്ച അയര്‍ലന്‍ഡ് വന്‍ തുക ഫൈന്‍ അടക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കിക്കഴിഞ്ഞു. മലിനജല സംസ്‌കരണ പ്ലാന്റുകള്‍ രാജ്യത്തെ 38 പട്ടണ നഗരങ്ങയില്‍ യൂറോപ്യന്‍ മാനദണ്ഡമനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി. റോസ്‌കോമണ്‍ ടൌണ്‍, ഷാനോന്‍ ടൌണ്‍, വാട്ടര്‍ഫോഡ് സിറ്റി, കാവന്‍, കെറി, കില്ലര്‍ണി, ട്രാലി തുടങ്ങിയ സ്ഥലങ്ങളിലെ പൊതുജനാരോഗ്യം അപകടകരമാണെന്നും ഇ.യു ചൂണ്ടിക്കാട്ടി.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാംക്രമിക രോഗങ്ങളുടെ പ്രധാന കാരണം ഇത്തരം വൃത്തിഹീനമായ പരിസ്ഥിതിയാണ്. പകര്‍ച്ചവ്യാധി പിടിപെട്ടവരുടെ കണക്കെടുത്താല്‍ ഭൂരിഭാഗവും ഇ.യു പുറത്തുവിട്ട വൃത്തിഹീന നഗരങ്ങളില്‍ നിന്നുള്ളവരാണ്. അയര്‍ലണ്ടിലെ മഹാ നഗരങ്ങളില്‍പ്പെട്ട ഡബ്ലിന്‍ കോര്‍ക്ക്, ഗാല്‍വേ നഗരങ്ങളിലെ പ്രദേശങ്ങളും ഈ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: