ഹിന്ദു വിവാഹ ബില്ലിന് പാകിസ്ഥാന്‍ സെനറ്റില്‍ അംഗീകാരം;

ഹിന്ദു മാരേജ് ബില്ലിന് പാക്കിസ്ഥാന്‍ സെനറ്റ് അംഗീകാരം നല്‍കി. 2016 സെപ്തംബര്‍ 26 ന് ബില്ലിന് പാക്കിസ്ഥാന്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. അടുത്തയാഴ്ച പ്രസിഡന്റ് കൂടി ബില്ലിന് അംഗീകാരം നല്‍കുന്നതോട് കൂടി ബില്ല് നിയമമാകും.

ഹിന്ദു മാരേജ് ആക്ട് യാഥാര്‍ഥ്യമാകുന്നതോട് കൂടി ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹത്തിന്റെ ഔദ്യോഗിക രേഖ ലഭിക്കും. ബില്‍ പാസാകുന്നതോടെ പഞ്ചാബ്, ബലൂചിസ്ഥാന്‍, ഖൈബര്‍ ,പക്തുണ്‍എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഇതു ബാധകമാകും. സിന്ധ് പ്രവിശ്യയില്‍ അവരുടേതായ ഹിന്ദുവിവാഹ നിയമം നിലവിലുണ്ട്.

സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതിരുന്ന വിധവകള്‍ക്കു നിയമം ഗുണപ്രദമാകും. ഭര്‍ത്താവു മരിച്ച് ആറുമാസം കഴിഞ്ഞാല്‍ വിധവയ്ക്കു പുനര്‍വിവാഹിതയാകാനും വ്യവസ്ഥയുണ്ട്. നിയമലംഘകര്‍ക്ക് ആറുമാസം തടവും 5000 രൂപ പിഴയുമാണു ശിക്ഷ. പാക്ക് ജനസംഖ്യയില്‍ 1.6% മാത്രമാണു ഹിന്ദുക്കള്‍.

പാക്കിസ്ഥാന്‍ നിയമ മന്ത്രി സഹിദ് ഹമീദാണ് ബില്ല് സെനറ്റില്‍ അവതരിപ്പിച്ചത്. സെനറ്റില്‍ ബില്ലിനെതിരെ വലിയ എതിര്‍പ്പുകളൊന്നും ഉയര്‍ന്നില്ല. എന്നാല്‍ സെനറ്റര്‍ മുഫ്തി അബ്ദുള്‍ സത്താര്‍ ബില്ലിനെതിരെ രംഗത്തെത്തി.

നിലവിലുള്ള ഭരണഘടന ഹിന്ദുക്കളുടെ അവകാശങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹിന്ദു മാരേജ് ആക്ടിനായി പ്രവര്‍ത്തിച്ച രമേഷ് കുമാര്‍ അടക്കമുള്ളവര്‍ ബില്ലിനെ അനുകൂലിച്ചു. നിര്‍ബന്ധിത മതം മാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളെ തടയുന്നതിന് നിയമം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തുടര്‍ന്ന് എല്ലാ അംഗങ്ങളും ചേര്‍ന്ന് ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു.

 

 
ഡി കെ

Share this news

Leave a Reply

%d bloggers like this: