“കുടിയേറ്റം യൂറോപ്പിന് അപകടകരമല്ല, വളരാനുള്ള വെല്ലുവിളിയാണ്” – മാര്‍പാപ്പ

കുടിയേറ്റം യൂറോപ്പിന് അപകടകരമല്ലെന്നും വളരാനുള്ള വെല്ലുവിളിയാണ് സമൂഹങ്ങള്‍ക്ക് അത് പ്രദാനം ചെയ്യുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. റോമിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ റോമ ട്രെ യൂണിവേഴ്സിറ്റി സന്ദര്‍ശനത്തിനിടെ നടത്തിയ ചോദ്യോത്തര വേളയിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.  ഗ്രീസില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ മാര്‍പാപ്പ സൗഹൃദത്തിന്റെ പ്രതീകാത്മകമായി ഒപ്പം കൊണ്ടുവന്ന മൂന്ന് സിറിയന്‍ അഭയാര്‍ഥി കുടുംബത്തില്‍ പെട്ട നൂര്‍ എസയാണ് ഇതു സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.

സിറിയന്‍ – ഇറാക്ക് അഭയാര്‍ഥികളുടെ കുടിയേറ്റം യൂറോപ്പിന്റെ ക്രൈസ്തവ സംസ്‌കാരത്തിനു ഭീഷണിയാകുമെന്ന ആശങ്ക പല യൂറോപ്യന്‍ വംശജരും പ്രകടിപ്പിക്കുന്നതിനെപ്പറ്റിയാണ് എസ ചോദിച്ചത്. തന്റെ മാതൃരാജ്യമായ അര്‍ജന്റീന പോലും ഒരു കുടിയേറ്റ രാജ്യമാണെന്നും, യുദ്ധങ്ങള്‍ അവസാനിക്കുകയും ദാരിദ്ര്യം ഇല്ലാതാവുകയും ചെയ്താല്‍ കുടിയേറ്റം താനെ ഇല്ലാതാകുമെന്ന് മാര്‍പാപ്പ മറുപടി നല്‍കി.

കുടിയറ്റം അപകടകരമല്ല. അത് സമൂഹങ്ങള്‍ക്ക് വളരാനുള്ള വെല്ലുവിളിയാണ് നല്‍കുന്നത്. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുക മാത്രമല്ല അവരെ സമൂഹത്തിന്റെ ഭാഗമാക്കുകയും ചെയ്യണം. അവരുട സംസ്‌കാരം നമ്മളും, നമ്മുടെ സംസ്‌കാരം അവരും സ്വാംശീകരിക്കണം. ആദരവ് നല്‍കുക. അതോടെ ആശങ്കകള്‍ ഇല്ലാതാകുമെന്ന് മാര്‍പാപ്പ പറഞ്ഞു.

ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം റോമിലെത്തിയ എസ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പോടെ യൂണിവേഴ്സിറ്റിയില്‍ ബയോളജി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇപ്പോള്‍ അഭയാര്‍ഥികളുടെ അകവാശങ്ങള്‍ക്കു വേണ്ടിയുള്ള ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. സിറിയയില്‍ നിന്ന് പലായനം ചെയ്ത് ഗ്രീസിലെത്തിയ ശേഷം അഭയാര്‍ഥി ക്യാമ്പില്‍ കഴിയുകയായിരുന്ന എസയുടെ കുടുംബത്തിന്റെ അവസ്ഥ ഒരു ദിവസം കൊണ്ട് മാറിമറിയുകയായിരുന്നു. മാര്‍പാപ്പയോടൊപ്പം റോമിലേക്കു പോകാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ ജീവിതം വഴിത്തിരിവിലെത്തിയെന്നും അതിന് എന്നും കടപ്പാടുണ്ടാകുമെന്നും എസ മാര്‍പാപ്പയോട് പറഞ്ഞു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: