ഓപ്പണ്‍ ലൈബ്രറി സംവിധാനത്തിന് ഗാല്‍വേയില്‍ തുടക്കം

ഗാല്‍വേ: ഒരു വര്‍ഷകാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഓപ്പണ്‍ ലൈബ്രറി സ്‌കീം പദ്ധതിയുമായി മുന്നോട്ടു പോകുവാന്‍ സിറ്റി കൗണ്‍സിലേഴ്സ് തീരുമാനമെടുത്തു. ഗാല്‍വേ കൗണ്ടി ലൈബ്രേറിയന്‍ പീറ്റര്‍ റാബിറ്റ്, ഓഫാലി ലൈബ്രേറിയന്‍ മേരി സ്റ്റീവര്‍ട്ട് എന്നിവര്‍ കൗണ്‍സിലേഴ്സിന്റെ തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഗാല്‍വേ സിറ്റിയിലെ വെസ്റ്റ് സൈദ്, ഹൈന്‍സ് ബില്‍ഡിങ്, ബാലിബെയ്ന്‍ എന്നീ മൂന്ന് ലൈബ്രറികളിലാണ് ജീവനക്കാര്‍ ഇല്ലാതെ ഗ്രന്ഥശാല പ്രവര്‍ത്തിക്കുക.

ഇത്തരം ഓപ്പണ്‍ ലൈബ്രറികളില്‍ സ്വന്തമായി പുസ്തകങ്ങള്‍ എടുക്കുന്നതും തിരിച്ചു നല്‍കുന്നതും കംപ്യൂട്ടര്‍വത്കൃത മെഷീനുകളിലൂടെ ആയിരിക്കും. ഇതിനോടൊപ്പം സ്ലിപ്പുകളും ലൈബ്രറി ഉപഭോക്താക്കള്‍ കൈപ്പറ്റണം. ഗാല്‍വേയില്‍ ആരംഭിക്കുന്ന ഈ പദ്ധതി വിജയിച്ചാല്‍ രാജ്യത്ത് സാര്‍വത്രികമായി ഈ സംവിധാനം ആരംഭിക്കുകയും ചെയ്യും. എന്നാല്‍ മറ്റു സിറ്റിയിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ഈ പദ്ധതിയോട് വിയോജിപ്പ് അറിയിച്ചുകഴിഞ്ഞു.

സീനിയര്‍ സിറ്റിസണ്‍സ് ധാരാളമായി ആശ്രയിക്കുന്ന ഗ്രന്ഥശാലകളില്‍ ഒരു സംശയം ചോദിച്ചാല്‍ ഉത്തരം പറയാന്‍ ആരുമില്ലാത്ത അരക്ഷിതമായ ഇടമാക്കി ലൈബ്രറികളെ മാറ്റുമെന്നാണ് ഇവരുടെ വാദം. ഗ്രന്ഥശാലയിലെ സുരക്ഷാകാര്യങ്ങളും ജീവനക്കാരുടെ അസാന്നിധ്യത്തില്‍ താറുമാറാക്കപ്പെടും. മാത്രമല്ല ലൈബ്രെറിയന്മാര്‍ക്ക് ജോലിയും നഷ്ടപ്പെടും. അതിലുപരി ആശയ വിനിമയ സാദ്ധ്യതകള്‍ ലൈബ്രറികളില്‍ നിന്ന് നഷ്ടപ്പെടുകയും ചെയ്യും. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഗാല്‍വേ സിറ്റി കൗണ്‍സില്‍ അറിയിച്ചു. പതിനാറു വയസ്സിനു താഴെ ഉള്ളവര്‍ രക്ഷിതാക്കള്‍ക്കൊപ്പമോ, ലോക്കല്‍ ഗാര്‍ഡിയാനൊപ്പമോ വേണം ഓപ്പണ്‍ ലൈബ്രറികളില്‍ എത്തേണ്ടത്.

എ എം

Share this news

Leave a Reply

%d bloggers like this: