ഗായത്രി വീണ മീട്ടി ലോകറെക്കോര്‍ഡില്‍ മുത്തമിട്ട് വൈക്കം വിജയലക്ഷി

തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ ഗായത്രിവീണ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മി റെക്കോര്‍ഡിട്ടു. ഹോട്ടല്‍ സരോവരത്തില്‍ രാവിലെ പത്തിനു സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത വീണമീട്ടല്‍ വൈകുന്നേരം മൂന്നിനു അവസാനിപ്പിക്കുമ്പോഴേക്കും 67 ഗാനങ്ങള്‍ വിജയലക്ഷ്മി വായിച്ചു കഴിഞ്ഞിരുന്നു. ആദ്യ മൂന്നുമണിക്കൂര്‍ ശാസ്ത്രീയ സംഗീതവും തുടര്‍ന്നുളള രണ്ടുമണിക്കൂര്‍ സിനിമാഗാനങ്ങളുമാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം അധികൃതര്‍ വിജയലക്ഷ്മി റെക്കോര്‍ഡ് നേട്ടത്തിലെത്തിയതായി പ്രഖ്യാപിച്ചു. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വിജയലക്ഷ്മിക്ക് കൈമാറി.

സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ട്രോഫി സമ്മാനിച്ചു. റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിജയലക്ഷ്മി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഗായത്രി വീണയില്‍ പ്രാവണ്യമേറെയുള്ള ലോകത്തെ അപൂര്‍വം സംഗീതജ്ഞരില്‍ ഒരാളാണ് വിജയലക്ഷ്മി. അതിനാല്‍ ഈ റെക്കോഡിനു ഇളക്കം തട്ടാന്‍ സാധ്യതയില്ലെന്നു പിതാവ് വി. മുരളീധരന്‍ പറഞ്ഞു. പിതാവ് തന്നെ നിര്‍മിച്ചുനല്‍കിയ ഉപകരണത്തിലൂടെയാണ് വിജയലക്ഷ്മി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ വിജയലക്ഷ്മി ഇരുപതിലേറെ ഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞു. മികച്ച ഗായികയ്ക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈ ഗായികയെ തേടിയെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ലോക റെക്കോര്‍ഡ് പ്രകടനം. ഗിന്നസ്, ലിംക റെക്കോര്‍ഡ് ബുക്കുകളിലും വൈകാതെ വിജയലക്ഷ്മിയുടെ പേര് എഴുതി ചേര്‍ക്കപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഒറ്റകമ്പി മാത്രമുളള ഈ അപൂര്‍വ സംഗീതോപകരണം കഴിഞ്ഞ 20 വര്‍ഷമായി വിജയലക്ഷ്മിക്ക് കൂട്ടുണ്ട്. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, മുന്‍മന്ത്രി ബിനോയ് വിശ്വം, ആചാര്യ ആനന്ദ് കൃഷ്ണ, അഡ്വ. ഹരിദാസ് എറവക്കാട് എന്നിവര്‍ക്ക് പുറമേ നിരവധി സംഗീത പ്രേമികളുും റെക്കോര്‍ഡ് പ്രകടനത്തിന് സാക്ഷിയായി.

 
എ എം

Share this news

Leave a Reply

%d bloggers like this: