പെണ്‍ഭ്രുണഹത്യ തുടരുന്നു; മഹാരാഷ്ട്രയില്‍ നീര്‍ച്ചാലില്‍ നിന്ന് 19 പെണ്‍ഭ്രൂണങ്ങള്‍ കണ്ടെടുത്തു

പശ്ചിമ മഹാരാഷ്ട്രയിലെ സംഗ്ലിക്കു സമീപം ഹൈസാല്‍ ഗ്രാമത്തിലെ ഒരു നീര്‍ച്ചാലില്‍ നിന്ന് 19 പെണ്‍ഭ്രൂണങ്ങള്‍ കണ്ടെടുത്തതായി പൊലീസ്. ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘമാണ് സമാനമായ രീതിയില്‍ ഗര്‍ഭച്ഛിദ്രം ചെയ്തു നീക്കിയ 19 ഭ്രൂണങ്ങള്‍ കണ്ടെടുത്തത്. ഗ്രാമത്തിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പെണ്‍കുഞ്ഞാണെങ്കില്‍ അതിനെ ഗര്‍ഭച്ഛിദ്രം ചെയ്തു നീക്കാന്‍ ആശുപത്രി അധികൃതര്‍ ഒത്താശ ചെയ്തിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ഇതുവരെ 19 പെണ്‍ഭ്രൂണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഗര്‍ഭച്ഛിദ്രം ചെയ്തു നീക്കിയശേഷം ഒളിപ്പിക്കാനായി ഇവിടെ കുഴിച്ചിട്ടതാണെന്ന് സംശയിക്കുന്നതായി സംഗ്ലി പൊലീസ് സൂപ്രണ്ട് ദത്താത്രായി ഷിന്‍ഡെ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രവരി 28ന് ഗര്‍ഭച്ഛിദ്രത്തിനിടെ 26കാരി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണമാണ് വന്‍ റാക്കറ്റിനെ വെളിച്ചത്തു കൊണ്ടുവന്നതെന്നും അദ്ദേഹം അറിയിച്ചു.

ഡോ. ബാബാസാഹിബ് ഖിദ്രാപൂരെ എന്നയാളുടെ ആശുപത്രിയിലാണ് ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ടത്. യുവതിയുടെ മരണത്തില്‍ സംശയം തോന്നിയ ഒരുവിഭാഗം ഗ്രാമീണര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 19 പെണ്‍ ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ഡോക്ടര്‍ ഒളിവില്‍ പോയി.

യുവതിയുടെ ഭര്‍ത്താവ് പ്രവീണ്‍ ഝംഡാഡെയാണ് ഇവരെ ഗര്‍ഭച്ഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് ഭാഷ്യം. മൂന്നാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതിനാലാണ് ഇവര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിച്ചത്. മൂന്നാമത്തെ കുട്ടിയും പെണ്‍കുഞ്ഞാണെന്നും അതിനെ ഗര്‍ഭച്ഛിദ്രം നടത്തി നശിപ്പിക്കാന്‍ പോവുകയാണെന്നും പ്രവീണ്‍ തന്നോട് പറഞ്ഞിരുന്നതായി മരിച്ച പെണ്‍കുട്ടിയുടെ പിതാവ് സുനില്‍ യാദവ് പൊലീസിനോട് പറഞ്ഞു. താന്‍ എതിര്‍ത്തെങ്കിലും തീരുമാനവുമായി പ്രവീണ്‍ മുന്നോട്ടുപോവുകയായിരുന്നു. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: