നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം കഴിഞ്ഞെന്ന കേന്ദ്രത്തിന്റെ അവകാശവാദം തള്ളി ആര്‍ബിഐ

നോട്ട് അസാധുവാക്കല്‍ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിക്കില്ലെന്ന കേന്ദ്രത്തിന്റെ അവകാശവാദം തള്ളി ആര്‍ബിഐ. അടുത്ത മൂന്ന് മാസവും പ്രത്യാഘാതം തുടരുമെന്ന് ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ പറഞ്ഞു. നോട്ട് നിരോധത്തിന് പിന്നാലെ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ വിവിധ തരം ചാര്‍ജ്ജുകള്‍ ഈടാക്കാന്‍ തീരുമാനിച്ചതും സര്‍ക്കാരിന് തലവേദന ആവുകയാണ്.

നോട്ടസാധുവാക്കലിന് ശേഷമുള്ള മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് 7 ശതമാനമാണെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച അളക്കാന്‍ പരിഗണിക്കേണ്ട മാനദണ്ഡങ്ങളെല്ലാം തെറ്റിച്ചും നോട്ടസാധുവാക്കലിന് മുമ്പത്തെ മാസത്തെ വളര്‍ച്ച കൂടി ചേര്‍ത്തും കെട്ടി ചമച്ചുണ്ടാക്കിയതാണ് ഈ നിരക്ക് എന്ന വിമര്‍ശം ഒട്ടു മിക്ക സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷവും ഇതിനകം ഉന്നയിച്ചിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിലാണ് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറുടെ പ്രതികരണം.

അടുത്ത പാദത്തില്‍ കൂടി വിവിധ മേഖലകളില്‍ നോട്ട് നിരോധത്തിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്ന് വിരാല്‍ ആചാര്യ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. പുതിയ നോട്ടുകള്‍ ബാങ്കിലെത്തിക്കുന്നത് പൂര്‍ത്തിയാകാന്‍ 3 മാസം കൂടി വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഡിജിറ്റല്‍ ഇടപാടിന്റെ പേരില്‍ പൊതു സ്വകാര്യമേഖല ബാങ്കുകള്‍ വിവിധ തരത്തിലുള്ള സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഇടാക്കാന്‍ തീരുമാനിച്ചതോ സര്‍ക്കാര്‍ കൂടതല്‍ വെട്ടിലായ അവസ്ഥയാണ്. ഇതിനെതിരായ പ്രതിഷേധം ശക്തമായതോടെ എസ്.ബി.ഐ ഉള്‍പ്പെടുന്ന ബാങ്കുകളോട് തീരുമാനം പുനഃപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ബാങ്കുകള്‍ ഇതവരെ അതിനോട് പ്രതികരിച്ചിട്ടില്ല.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് വന്‍ പിഴയും സര്‍വ്വീസ്ചാര്‍ജ്ജും ഈടാക്കാനുള്ള എസ്ബിഐയുടെ തീരുമാനം 31 കോടി ഉപഭോക്താക്കളെയാണ് നേരിട്ട് ബാധിക്കുക.

 

 
എ എം

Share this news

Leave a Reply

%d bloggers like this: