എയര്‍ ഇന്ത്യക്ക് വെല്ലുവിളിയായി ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു

ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വിമാനകമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വേയ്സ് ലിമിറ്റഡ് ഇന്ത്യയില്‍ സ്വന്തമായി വിമാനകമ്പനി ആരംഭിക്കുന്നു. യാത്രാ നിരക്കില്‍ ഗണ്യമായ കുറവുണ്ടാവുമെന്ന പ്രതീക്ഷിക്കുന്ന ഖത്തര്‍ എയര്‍വേയ്സിന്റെ നീക്കം ഈ രംഗത്തെ പ്രമുഖരെല്ലാം ആശങ്കകയോടെയാണ് നോക്കുന്നത്. 100 വിമാനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കമ്പനി ഇന്ത്യയില്‍ ആരംഭിക്കാനുള്ള നീക്കമാണ് ഖത്തര്‍ എയര്‍വേയ്സ് നടത്തുന്നത്. ലോകത്തെ പ്രമുഖ വിമാനകമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്സ്. പുതിയ വിമാനകമ്പനി ആരംഭിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന് ഉടന്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് കമ്പനി സിഇഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു.

ഖത്തര്‍ എയറിന്റെ സാമ്പത്തിക സ്രോതസായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഏറ്റവും അനിയോജ്യമായ വിമാനങ്ങളാണ് ഇന്ത്യയില്‍ ഇറക്കുക. ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയില്‍ വിമാനകമ്പനി ആരംഭിക്കുകയാണെങ്കില്‍ ഇന്ത്യയിലെ പ്രഥമ വിദേശ വിമാന കമ്പനിയാവും അത്. വ്യോമയാന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ ബില്ല് പാസാക്കിയിരുന്നു.

നേരത്തെ ഇന്ത്യന്‍ വിമാനകമ്പനിയായ ഇന്റിഗോയുടെ ഓഹരികള്‍ വാങ്ങാന്‍ ഖത്തര്‍ എയര്‍വേയ്സ് ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യോമയാന മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം കൊണ്ടുവരുന്നത്. ഈ അവസരം മുതലെടുത്താണ് ഖത്തര്‍ എയര്‍വേയ്സിന്റെ നീക്കം.

ഇതുവരെ വിദേശ വിമാനകമ്പനികള്‍ക്ക് ഇന്ത്യയിലെ വിമാനകമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. കഴിഞ്ഞ ജൂണിലാണ് സമ്പൂര്‍ണ വിദേശ നിക്ഷേപം അനുവദിച്ചത്. എന്നാല്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ കമ്പനിയുടെ അധ്യക്ഷനും മൂന്നില്‍ രണ്ട് ഡയറക്ടര്‍മാരും ഇന്ത്യക്കാരാവണമെന്ന നിബന്ധനയുണ്ട്.

നിലവില്‍ മൂന്ന് ഇന്ത്യന്‍ വിമാനകമ്പനികളില്‍ വിദേശ കമ്പനികളുടെ നിക്ഷേപമുണ്ട്. ജെറ്റ് എയര്‍വേയ്സില്‍ അബൂദാബിയിലെ ഇത്തിഹാദിന് 24 ശതമാനം ഓഹരിയാണുള്ളത്. കൂടാതെ സിംഗപ്പൂര്‍ എയര്‍ലൈന്‍, എയര്‍ഏഷ്യ ബെര്‍ഹാഡ് എന്നിവയ്ക്കും ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപമുണ്ട്. ഖത്തര്‍ എയര്‍വേയ്സിന്റെ വരവ് ഈ രംഗത്ത് മല്‍സരം ശക്തിപ്പെടാനും വിമാന നിരക്ക് കുറയാനും ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എ എം

 

എ എം

Share this news

Leave a Reply

%d bloggers like this: