ട്രംപിനെ ആശ്രയിച്ച് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍

മരുന്നുകള്‍ക്ക് വില കുറയ്ക്കുമെന്നും അവയുടെ ഉല്‍പ്പാദനം അമേരിക്കയില്‍ തന്നെ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം. ഇതില്‍ മരുന്നു വില കുറയ്ക്കുക എന്ന ലക്ഷ്യത്തിന് പ്രാധാന്യം കൊടുക്കാന്‍ ട്രംപിനെ പേരിപ്പിക്കുക എന്നതാണ് ഇന്ത്യയിലെ വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഇപ്പോഴത്തെ ലക്ഷ്യം.

മരുന്നുകള്‍ ചെലവു കുറച്ച് ഇറക്കുമതി ചെയ്യുന്നതിലൂടെ കിട്ടുന്ന മെച്ചം അവ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുന്നതിലൂടെ ഉണ്ടാകുന്ന തൊഴില്‍നേട്ടത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് അമേരിക്കയിലെ നിയമനിര്‍മ്മാതാക്കളെയും റെഗുലേറ്റര്‍മാരെയും മാദ്ധ്യമങ്ങളെയും ഇന്ത്യ ബോധ്യപ്പെടുത്തണം എന്ന ആവശ്യം ഇവിടത്തെ 20 സുപ്രധാന ഔഷധ നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ ‘ദ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ്’ (IPA) ഉന്നയിച്ചതായി ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഈ അടുത്തകാലത്ത് ഒരു ഇന്ത്യന്‍ ഗവണ്‍മെന്റ് ബോഡിക്ക് അയച്ചതാണ് ഈ റിപ്പോര്‍ട്ട്. നിലവിലുള്ള ഏതെങ്കിലും ബോര്‍ഡര്‍-ടാക്‌സ് നയത്തിനു കീഴില്‍ ജനറിക് ഔഷധങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയെടുക്കുക എന്നതാകണം ഇന്ത്യയുടെ ഒരു ലക്ഷ്യമെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു.

വര്‍ഷംതോറും 12.54 ബില്ല്യണ്‍ ഡോളറിന്റെ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചു യു എസ്സിലെ ആരോഗ്യരംഗത്തെ കുറിച്ചും ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ സംബന്ധിയുമായ ട്രംപിന്റെ വിവിധ പ്രഖ്യാപനങ്ങള്‍ ഒരേ സമയം ഭീഷണിയും പ്രതീക്ഷയും നല്‍കുന്നവയുമാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനറിക് ഔഷധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് മരുന്നുവില കുറയ്ക്കാനുള്ള അമേരിക്കന്‍ നീക്കങ്ങളില്‍ നിന്നു നേട്ടമുണ്ടാക്കാനാകും. ബ്രാന്‍ഡഡ് പേരുള്ള മരുന്നിനേക്കാള്‍ 80 ശതമാനത്തോളം വിലക്കുറവാണ് തത്തുല്യ ജനറിക് മരുന്നുകള്‍ക്ക്. അതേസമയം ഇവ വില കുറച്ചു നിര്‍മ്മിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനെ ട്രംപ് എതിര്‍ക്കുന്നുണ്ട്.

റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ മുന്നോട്ടു വയ്ക്കുന്ന ‘ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് ടാക്‌സി’നുള്ള സാദ്ധ്യതയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ഭീഷണി. ഇറക്കുമതിക്ക് നികുതിയേര്‍പ്പെടുത്തുകയും നിര്‍മ്മാണ ജോലികള്‍ യുഎസ്സിലേയ്ക്ക് തിരികെയെത്തിക്കാനായി കയറ്റുമതിയെ നികുതിയില്‍ നിന്നൊഴിവാക്കുകയും ചെയ്യുന്ന നയമാണ് ഇത്. ഇത് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ജനറിക് മരുന്നുകളുടെ ഇറക്കുമതിയെ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യ ആവശ്യപ്പെടണമെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.

കോണ്‍ഗ്രസ്സ് ഉദ്ഘാടന പ്രസംഗത്തിലും ഔഷധങ്ങളുടെ വില കുറയ്ക്കുന്നതിനെ പറ്റി ട്രംപ് എടുത്തു പറഞ്ഞിരുന്നു. മാത്രമല്ല, യു എസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്നാണ് തന്റെ ആവശ്യമെന്നും ട്രംപ് പറഞ്ഞു.

പിന്തുണയുറപ്പാക്കുന്നതിനായി യു എസ്സിലെ ഇന്ത്യന്‍ കമ്പനികളുടെ ഉയര്‍ന്ന നിക്ഷേപങ്ങള്‍ എടുത്തു കാണിക്കാനാണ് വ്യവസായികള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത്. ഉല്‍പ്പാദന മേഖല വിപുലമാക്കുന്നതിന്റെ ഭാഗമായി വന്‍കിട കമ്പനികള്‍ അടുത്ത കാലങ്ങളിലായി അമേരിക്കയില്‍ തങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം IPA അംഗങ്ങളായ കമ്പനികളുടെ അമേരിക്കന്‍ സംരംഭങ്ങളില്‍ 4,000ത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. 2011 മുതലുള്ള കണക്കെടുത്താല്‍ ഏതാണ്ട് 9 ബില്ല്യണ്‍ ഡോളറാണ് അവിടെ നിക്ഷേപിച്ചിട്ടുള്ളത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: