പെണ്‍കുട്ടിക്ക് നേരിട്ട ലൈംഗീകാതിക്രമം പുറത്ത് പറയാതിരിക്കാന്‍ പോലീസിന്റെ ഓഫര്‍ ഇന്ത്യ-ആസ്‌ട്രേലിയ മാച്ച് ടിക്കറ്റ്

കഴിഞ്ഞ മാര്‍ച്ച് നാലിന് ബംഗ്ളൂരുവില്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് തന്റെ അനുഭവം അഞ്ച് തവണ പോലീസിനോട് വിശദീകരിക്കേണ്ടി വന്നെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതിന് പോലീസ് അവര്‍ക്ക് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിന്റെ ടിക്കറ്റ് വാഗ്ദാനം ചെയ്തതായും ആരോപണം.. ഇന്ത്യയില്‍ എമ്പാടും നടക്കുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണ കേസുകളില്‍ പോലീസ് അനാസ്ഥ കാണിക്കുന്നു എന്ന ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് പ്രമുഖ ദേശീയ മാധ്യമം പുറത്ത് വിട്ടിരിക്കുന്ന ഈ വാര്‍ത്ത

ബംഗളൂരുവില്‍ ജോലി ചെയ്യുന്ന 20 കാരിക്കാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. സമീപകാലത്ത് ബംഗളൂരുവിലെത്തിയ യുവതി കുന്ദനഹള്ളിയിലെ വാടക മുറിയിലായിരുന്നു താമസം. മാര്‍ച്ച് നാലിന് അര്‍ദ്ധരാത്രിയില്‍ അവരുടെ മുറിയില്‍ കത്തിയുമായി കയറിയ അക്രമി അവരോട് പണം ആവശ്യപ്പെടുകയും തന്നോട് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശിവവര്‍മ റെഡ്ഢി എന്നയാളാണ് അക്രമിയെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അയാളുടെ ആവശ്യത്തിന് വഴങ്ങാതിരുന്ന യുവതിയെ അയാള്‍ ആക്രമിക്കുകയും കുട്ടിയുടെ കൈക്ക് കത്തികൊണ്ട് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തന്നോടൊപ്പം മറ്റ് അഞ്ച് പേര്‍ കൂടിയുണ്ടെന്നും അവര്‍ അടുത്ത മുറിയിലുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയാണെന്നും അക്രമി ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ ഇയാളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കുളിമുറിയില്‍ കയറി കതകടച്ച് രക്ഷപ്പെടുകയായിരുന്നു.

മാര്‍ച്ച് അഞ്ചിന് ഉച്ചതിരിഞ്ഞ് പെണ്‍കുട്ടിയും അവരുടെ കൂട്ടുകാരിയും ചേര്‍ന്ന് എച്ച്എഎല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തി. സബ് ഇന്‍സ്പെക്ടറോട് ആദ്യം സംഭവം മുഴുവന്‍ വിവരിച്ചു. ഇന്‍സ്പെക്ടര്‍ സാദിഖ് പാഷ തിരക്കിലാണെന്നും അദ്ദേഹത്തിന്റെ പിഎയെ കാണാനുമായിരുന്നു എസ്ഐയുടെ നിര്‍ദ്ദേശം. ഇന്‍സ്പെക്ടറുടെ പിഎയോടും കുട്ടിക്ക് സംഭവം മുഴുവന്‍ ആവര്‍ത്തിക്കേണ്ടി വന്നു. അതിന് ശേഷം സാദിഖ് പാഷയുടെ കാറില്‍ വച്ച് അദ്ദേഹത്തോടും വിവരണം ആവര്‍ത്തിക്കാന്‍ ഇര നിര്‍ബന്ധിതമായി. അദ്ദേഹം ഒരു ചിത്രം എടുത്ത് കാണിക്കുകയും കുട്ടി ആളെ തിരിച്ചറിയുകയും ചെയ്തു. രണ്ടോ മൂന്നോ ചിത്രങ്ങള്‍ കാണിക്കുന്നതിന് പകരം ഒറ്റ ചിത്രം മാത്രമാണ് ഇന്‍സ്പെക്ടര്‍ കാണിച്ചത് എന്നതും ദുരൂഹമാണ്. ഇയാള്‍ മാനസികരോഗിയാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്ന ആളാണെന്നും പാഷ പെണ്‍കുട്ടിയോട് പറഞ്ഞു.

പിന്നീട് രാത്രി എട്ടുമണിക്ക് ഒരു കഫേയില്‍ വച്ച് തന്നെ കാണാന്‍ ഇന്‍സ്പെക്ടര്‍ കുട്ടിയോട് ആവശ്യപ്പെട്ടു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് കുട്ടിയുടെ പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്നും സംഭവം മറ്റാരോടും പറയരുതെന്നും പാഷ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് പ്രശസ്തയാവണമെങ്കില്‍ മാത്രം പരാതിയുമായി മുന്നോട്ട് പോകാമെന്നും പാഷ ഉപദേശിച്ചു. താന്‍ അനുഭവിക്കേണ്ടി വന്ന ഭീതിജനകമായ സംഭവം പല തവണ ആവര്‍ത്തിക്കേണ്ടി വന്ന പെണ്‍കുട്ടിക്ക് ഇത് വലിയ ഞെട്ടലുണ്ടാക്കി. വീട്ടുടമയുടെ പരാതിയിലുള്ള എഫ്ഐആറിന്റെ പകര്‍പ്പ് വാങ്ങുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് രണ്ട് സുഹൃത്തുക്കളെ വിടാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ മടക്കി അയയ്ക്കുകയായിരുന്നു. അവിടെയെത്തിയ സുഹൃത്തുക്കളുടെ കൈയിലാണ് ക്രിക്കറ്റ് മത്സരം കാണാനുള്ള ടിക്കറ്റ് പാഷ നല്‍കിയത്. പരാതിയില്‍ നിന്നും പിന്തിരിയാനുള്ള പാരിതോഷികമാണ് ഇതെന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി അത് മടക്കി നല്‍കുകയായിരുന്നു.

പോലീസില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റം വിശദീകരിച്ചുകൊണ്ട് പെണ്‍കുട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കി. എന്നാല്‍ കവര്‍ച്ച നടന്നു എന്ന് മാത്രമാണ് ഇവര്‍ ആദ്യം പരാതി നല്‍കിയതെന്നാണ് ബംഗളൂരു അഢീഷണല്‍ കമ്മീഷണര്‍ ഹേമന്ത് നിംബാല്‍ക്കര്‍ പറയുന്നത്. ഏതായാലും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പെണ്‍കുട്ടിയുടെ തീരുമാനം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: