വിക്കിലീക്‌സ് വെളിപ്പെടുത്തല്‍; വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് യു.എസ് അന്വേഷണം ശക്തമാക്കുന്നു

യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ) സ്മാര്‍ട്ട് ടെലിവിഷന്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയുപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് യു.എസ്. യു.എസ് ഫെഡറല്‍ ഏജന്‍സികളായ എഫ്.ബി.ഐ, സി.ഐ.എ എന്നിവക്കാണ് അന്വേഷണച്ചുമതല. സുപ്രധാന വിവരങ്ങള്‍ വിക്കിലീക്‌സിന് ആരാണ് ചോര്‍ത്തിക്കൊടുത്തത് എന്നതിനെ കുറിച്ചാണ് അന്വേഷണം. സി.ഐ.എ ഉദ്യോഗസ്ഥരില്‍നിന്നാണോ വിവരങ്ങള്‍ പുറത്തായത് എന്നതും അന്വേഷണപരിധിയില്‍ വരും. വിവരങ്ങള്‍ പുറത്തായതില്‍ സി.ഐ.എ മുന്‍ മേധാവി മൈക്കിള്‍ ഹൈഡന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ആയിരക്കണക്കിനു രേഖകളാണു ചൊവ്വാഴ്ച വിക്കിലീക്‌സ് പുറത്തുവിട്ടത്. സുരക്ഷാഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചു വിവരങ്ങള്‍ ചോര്‍ത്താന്‍ സി.ഐ.എ സ്വീകരിച്ച തന്ത്രങ്ങളാണു വെളിപ്പെടുത്തലുകളില്‍ പ്രധാനം. രേഖകള്‍ ആധികാരികമാണെന്നാണു വിദഗ്ധരുടെ പ്രാഥമികനിഗമനം. അതേസമയം, സി.ഐ.എയും എഫ്.ബി.ഐയും വൈറ്റ്ഹൗസും വിക്കിലീക്‌സ് വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.

ഐഫോണ്‍, ഐ പാഡ് അടക്കം ഐ.ഒ.എസ് പ്‌ളാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഉല്‍പന്നങ്ങളിലെ വിവരങ്ങള്‍ ചോര്‍ത്താനായി സി.ഐ.എയും ബ്രിട്ടീഷ് ചാരസംഘടനയും സംയുക്ത ശ്രമം നടത്തിയതായും വിക്കിലീക്‌സ് വെളിപ്പെടുത്തി. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തങ്ങളുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചനയിലാണെന്ന് ആപ്പിള്‍,സാംസങ് അധികൃതര്‍ പറഞ്ഞു. അമേരിക്കയിലെ വെര്‍ജീനിയയിലെ ലാങ്‌ലീയില്‍ സി.ഐ.എയുടെ സെന്റര്‍ ഫോര്‍ സൈബര്‍ ഇന്റലിജന്‍സിലെ 8761 രഹസ്യരേഖകളാണു ഇയര്‍ സീറോ എന്നപേരില്‍ വിക്കിലീക്‌സ് പരസ്യപ്പെടുത്തിയത്.

അതേസമയം അമേരിക്കന്‍ ചാരസംഘടന സി.എ.എ ഡിജിറ്റില്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ടൂളുകളും സോഫ്റ്റ്വെയറുകളും കൈമാറാന്‍ തയാറാണെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് വെളിപ്പെടുത്തി. സി.എ.എയുടെ ഹാക്കിങ്ങുമായി ബന്ധപ്പെട്ടുള്ള കുറച്ച് വിവരങ്ങള്‍ മാത്രമേ പുറത്ത് വിട്ടിട്ടുള്ളു. ശേഷിക്കുന്നവ ടെക്?നോളജി കമ്പനികള്‍ക്ക് കൈമാറാന്‍ തയാറാണെന്ന് അസാന്‍ജ് അറിയിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അസാന്‍ജ് പറഞ്ഞു.

നേരത്തെ, സൈബര്‍ സുരക്ഷ സംബന്ധിച്ചുള്ള സി.ഐ.എയുടെ ആയിരത്തോളം രേഖകളാണ് വിക്കിലീക്സ് ചോര്‍ത്തി പ്രസിദ്ധീകരിച്ചിരുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ സോഷ്യല്‍മീഡിയ, ഇ-മെയില്‍ അക്കൗണ്ടുകള്‍ എന്നിവയും സി.ഐ.എ ഹാക്ക് ചെയ്യുന്നുണ്ടെന്നും ഹാക്കിങ്ങിനു ഏതെല്ലാം രീതികളാണ് സ്വീകരിക്കുന്നതെന്നും വിക്കിലീക്സ് പുറത്ത്വിട്ട രേഖകളില്‍ നിന്നു വ്യക്തമായിരുന്നു.

വോള്‍ട്ട്-7 എന്നു പേരിട്ടിരിക്കുന്ന പരമ്പരയുടെ ഭാഗമായി 8761 രേഖകളാണ് ആദ്യഘട്ടത്തില്‍ വിക്കിലീക്‌സ് പുറത്തുവിട്ടത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: