ട്രംപിന്റെ കീഴില്‍ ഇന്ത്യ-അമേരിക്ക ബന്ധം ദൃഢമാകും

വാഷിങ്ടണ്‍: ഇന്ത്യയുമായി കൂടുതല്‍ ദൃഢമായ ബന്ധം ആഗ്രഹിക്കുന്നതായി അമേരിക്ക. ഇന്ത്യയുമായി ഇപ്പോഴുള്ള നല്ല ബന്ധം തുടരാന്‍ കഴിയുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വ്യാപാര രംഗത്തും ഉള്‍പ്പടെ ഇന്ത്യയുമായി കൂടുതല്‍ ദൃഢമായ ബന്ധം ഉണ്ടാവുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയുടെ വിദേശ നയവുമായി രാജ്യം മുന്നോട്ട് പോവും. ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് പ്രസിഡന്റ് ട്രംപ് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സ്പൈസര്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്കെതിരെ യു.എസില്‍ നടക്കുന്ന വംശീയാധിക്രമങ്ങളെയും ശക്തമായ ഭാഷയില്‍ അദ്ദേഹം അപലപിച്ചു.

ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട് വിവിധരംഗങ്ങളില്‍ ഇന്ത്യയും അമേരിക്കയും സഹകരണം ശക്തമാക്കും. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നേരിടല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍, ബന്ദികളുടെ മോചനം എന്നീ മേഖലകളിലാണ് ട്രംപ് ഭരണകൂടം ഇന്ത്യയുമായി സഹകരിക്കുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മില്‍ നിലവിലുള്ള ഭീകരവാദവിരുദ്ധ സഹായ കരാറിന്റെ അടിസ്ഥാനത്തില്‍ (എ.ടി.എ.) ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥസംഘം ഇന്ത്യയിലെത്തി ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയിരുന്നു. ഇന്ത്യയിലെ പോലീസുദ്യോഗസ്ഥര്‍ക്ക് അമേരിക്കയിലെ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പരിശീലനത്തിന് അവസരം നല്‍കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍, തീരദേശ സുരക്ഷ, ഭീകരാക്രമണംനടന്ന സ്ഥലങ്ങളിലെ അന്വേഷണം തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ക്ക് പരിശീലനം നല്‍കും.

ഇന്ത്യയില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കായി അമേരിക്ക രണ്ട് പുതിയ പരിശീലനകോഴ്സുകള്‍ ആരംഭിക്കുമെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഐ.എസ്. പോലുള്ള ഭീകരസംഘടനകള്‍ ഇന്റര്‍നെറ്റ്വഴിയും മറ്റും ഇന്ത്യയില്‍നിന്ന് റിക്രൂട്ട്മെന്റ് ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇതിനെ നേരിടാന്‍ നേരിടാന്‍ സഹായിക്കുന്ന പരിശീലനപരിപാടികള്‍ ആസൂത്രണംചെയ്യുന്നത്.

എല്ലാവര്‍ഷവും കേന്ദ്ര പോലീസ് വിഭാഗങ്ങളില്‍നിന്നും സംസ്ഥാന പോലീസ് വിഭാഗങ്ങളില്‍നിന്നുമായി നൂറിനും നൂറ്റമ്പതിനും ഇടയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയില്‍ പരിശീലനപരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാറുണ്ട്. പുതിയ കോഴ്സുകള്‍കൂടി അമേരിക്ക ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ അവസരം ലഭിക്കുന്നവരുടെ എണ്ണം ഈ വര്‍ഷം 200 വരെ എത്തിയേക്കുമെന്ന് ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു.

 
എ എം

Share this news

Leave a Reply

%d bloggers like this: