ആറ്റുകാല്‍ പൊങ്കാലയ്ക്ക് പരിസമാപ്തി; സായൂജ്യമടഞ്ഞ് ഭക്തര്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് പരിസമാപ്തിയായി. ഉച്ചയ്ക്ക് രണ്ടേക്കാലിന് മേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീര്‍ത്ഥ ജലം തളിച്ചതോടെയാണ് പൊങ്കാലയ്ക്ക് സമാപനമായത്. ഇവിടെ നിന്നും ആയിരക്കണക്കിന് പൊങ്കാല കലങ്ങളിലേയ്ക്ക് തീര്‍ത്ഥ ജലം പകര്‍ന്നു. ഫ്‌ളൈയിങ് ക്ലബുകളുടെ നേതൃത്വത്തില്‍ ആകാശത്ത് നിന്ന് പുഷ്പവൃശ്ടിയുണ്ടായി.നേരത്തെ മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകര്‍ന്നതിന് പിന്നാലെ സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ കത്തിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഭാര്യ അടക്കം ഒട്ടേറെ പ്രമുഖര്‍ ഇത്തവണയും പൊങ്കല അര്‍പ്പിക്കാനെത്തിയിരുന്നു.

തലേദിവസം തന്നെ ഭക്തരില്‍ പലരും ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും എത്തി പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ക്ഷേത്ര ഭരണസമിതിയും നഗരസഭയും വിവിധ സര്‍ക്കാര്‍വകുപ്പുകളും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പ്ലാസ്റ്റിക് സാധനങ്ങള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ പൊങ്കാലയാണ് ഇത്തവണ ഒരുക്കിയതെന്നുള്ളതും ശ്രദ്ധേയമാണ്.

ഒരു വര്‍ഷത്തെ പ്രാര്‍ഥന നിര്‍ഭരമായ കാത്തിരിപ്പാണ് നിവേദ്യമര്‍പ്പിക്കുന്നതിലൂടെ സംപൂര്‍ണ്ണമായത്. ആഗ്രഹ സാഫല്യത്തിനായി ലക്ഷകണക്കിന് ഭക്തരാണ് ഇത്തവണയും പൊങ്കാല അര്‍പ്പിക്കാനെത്തിയിരിക്കുന്നത്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഓരോ തവണയും ലക്ഷകണക്കിന് ഭക്തകളാണ് പൊങ്കാല അര്‍പ്പിക്കുവാനെത്തുന്നത്. ചലചിത്ര മേഖലയില്‍ നിന്നടക്കം നിരവധി പേര്‍ ഓരോ വര്‍ഷവും ദേവിയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നതിനായി എത്തുന്നു. പൊങ്കാല ഇട്ടു കഴിഞ്ഞാല്‍ ആപത്തുകള്‍ ഒഴിയുകയും ആഗ്രഹസാഫല്യം ഉണ്ടാവുകയും ചെയ്യുമെന്നാണ് ലക്ഷക്കണക്കിന് ഭക്തര്‍ വിശ്വസിക്കുന്നത്.

ഏഷ്യയില്‍ ഏറ്റവും അധികം സ്ത്രീകള്‍ ഒത്തുചേരുന്ന ഉത്സവമാണ് പൊങ്കാല. അടുപ്പില്‍ തീ പകരുക എന്നതാണ് അടുപ്പുകൂട്ടുന്ന ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏകദേശം ഒരു മണിക്കൂറിനകം പായസം അഥവാ പൊങ്കാല തയ്യാറാകും. ഉച്ചയ്ക്ക് 2.15 യോടെ പൊങ്കാല നിവേദിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. തിരക്ക് നിയന്ത്രിക്കാന്‍ ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവനന്തപുരം നഗരത്തിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: