ജലക്ഷാമം രൂക്ഷം; ഹോട്ടലുകളില്‍ ഇനി മുതല്‍ ടിഷ്യു പേപ്പര്‍ സമ്പ്രദായം

കനത്ത ജലക്ഷാമം കാരണം സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടിഷ്യൂ പേപ്പര്‍ സമ്പ്രദായം നടപ്പാക്കാന്‍ ശ്രമം. കൈ കഴുകുന്നത് ഒഴിവാക്കാനായി ടിഷ്യൂ പേപ്പര്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന്‍സ് അറിയിച്ചു. വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം ഡിസ്പോസിബിള്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്ന കാര്യവും സംഘടന പരിഗണിക്കുന്നുണ്ട്.

ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് കൈ കഴുകാന്‍ വേണ്ടതുള്‍പ്പെടെ ശരാശരി ഒരു ഹോട്ടലില്‍ ദിവസവും ചുരുങ്ങിയത് പതിനായിരം ലിറ്റര്‍ വെള്ളമെങ്കിലും വേണം. വലിയ തുക കൊടുത്താണ് ഈ വെള്ളം വാങ്ങുന്നത്. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കാന്‍ ആളുകളോട് പറയുന്നതിലും പരിമിതിയുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളത്തിന് പകരം ടിഷ്യൂ പേപ്പര്‍ നല്‍കാന്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റസ് അസോസിയേഷന്‍ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി വാഷ്ബേസിനുകള്‍ എടുത്തുമാറ്റും.

ജലക്ഷാമം ഗുരുതരമാണ്. രൂക്ഷമായ കുടിവെള്ള ക്ഷമമാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് തീരുമാനം. പൊതുജനങ്ങള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷ. നാട്ടിലെ ജലക്ഷാമത്തെ കുറിച്ച് ജനങ്ങള്‍ക്കറിയാം.ബിജുലാല്‍, കേരള ഹോട്ടല്‍ ആന്റ് റസ്റ്ററന്റസ് അസോസിയേഷന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.
ഹോട്ടലുടമകളുടെ തീരുമാനത്തിനോട് അനുകൂലിച്ചും പ്രതികൂലിച്ചും പൊതുജനങ്ങളുടെ പ്രതികരിക്കുന്നത്. വെള്ളത്തിന് പകരം ടിഷ്യൂ പേപ്പര്‍ നല്‍കാനുള്ള നീക്കം മണ്ടന്‍ തീരുമാനമാണെന്ന് നടന്‍ മാമുക്കോയ പറഞ്ഞു. ജലം സംരക്ഷിക്കാനുള്ള വഴികളാണ് തേടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളത്തിന് ക്ഷാമം വരാന്‍ പോകുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അതിന് വെള്ളം നിലനിര്‍ത്താനും സംരക്ഷിക്കാനും എന്താണ് വഴിയെന്ന് നോക്കാതെ വെള്ളമില്ലെങ്കില്‍ നമ്മള്‍ എന്തുചെയ്യണമെന്നാണ് ഹോട്ടലുകള്‍ കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നത്. മണ്ടന്‍ തീരുമാനമാണിത്. സ്പൂണും ഫോര്‍ക്കും കൊണ്ട് ഭക്ഷണം കഴിക്കുന്നത് മലയാളിയുടെ ശീലമല്ല.. ഭക്ഷണം കഴിച്ചിട്ട് കൈ വൃത്തിയായി കഴുകുന്നതാണ് മലയാളികളുടെ സംസ്‌കാരം. വെള്ളം നമ്മള്‍ കണ്ടെത്തണം, സംരക്ഷിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിന് പകരം കടലാസായോലോ ചേമ്പിന്റെ ഇലയായാലോ..ഇതൊക്കെ മണ്ടന്‍ ന്യായങ്ങളാണ്. ലവലേശം ദീര്‍ഘവീക്ഷണമില്ലാത്ത കാഴ്ച്ചപ്പാടാണ്. ഇതൊക്കെ ചോദിച്ച് സമയം കളയാന്‍ എന്തിനെന്നെ വിളിച്ചു? എന്ന് മാമുക്കോയ പറഞ്ഞു.

 

Share this news

Leave a Reply

%d bloggers like this: