മിഷേലിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ

കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ ക്യാമ്ബയിന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മിഷേലിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയയാണ് പെണ്‍കുട്ടി ‘പ്രമുഖ’യല്ലാത്തതുകൊണ്ട് അവള്‍ക്ക് വേണ്ടി തെരുവിലിറങ്ങാന്‍ ആരുമില്ലെന്നും സോഷ്യല്‍മീഡിയയില്‍ നിന്നും ശബ്ദമുയരുന്നു. സംഭവത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയ രേഖപ്പെടുത്തുന്നത്. #justiceformishel എന്ന ഹാഷ്ടാഗില്‍ പ്രതിഷേധമറിയിക്കുന്നവര്‍ മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ചുംബനസമരക്കാരും എവിടെയെന്നും ചോദിക്കുന്നു.

നിവിന്‍ പോളി, ജൂഡ് ആന്റണി, ടൊവിനോ തോമസ് തുടങ്ങിയ സിനിമാ പ്രവര്‍ത്തകരും മിഷേലിന് നീതിയാവശ്യപ്പെട്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിട്ടുണ്ട്. യുവനടിയെ ആക്രമിച്ച കേസില്‍ കാണിച്ച ശുഷ്‌കാന്തി എന്തുകൊണ്ട് മിഷേലിന്റെ കേസ് അന്വേഷിക്കാന്‍ കാണിക്കുന്നില്ല എന്നും പോലീസിനു നേരെ സോഷ്യല്‍മീഡിയ ചോദ്യമുയര്‍ത്തുന്നുണ്ട്. വിവിധ യുവജന സംഘടനകളും കേരളാ പൊലീസിനെയും മാധ്യമങ്ങളെയും പക്ഷപാതപരമായ പ്രതികരണങ്ങളെയും ചുംബനസമരക്കാരെയും ആക്ടിവിസ്റ്റുകളെയും വിമര്‍ശിച്ചുകൊണ്ട് അണിനിരന്നിട്ടുണ്ട്. മിഷേലിന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കി നീതി ഉറപ്പാക്കുക എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

അതേസമയം മിഷേലിന്റേത് ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മിഷേലിനെ കാണാതായ കഴിഞ്ഞ ഞായറാഴ്ച, കലൂര്‍ പള്ളിയില്‍ നിന്നും മടങ്ങുന്ന മിഷേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ബന്ധുക്കള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ദൃശ്യങ്ങളില്‍ കണ്ട ബൈക്കിലെത്തിയ യുവാക്കള്‍ മിഷേലിനെ തിരഞ്ഞാണോ എത്തിയതെന്നും ബന്ധുക്കള്‍ക്ക് സംശയമുണ്ട്. പിറ്റേന്ന് വൈകിട്ടാണ് ഐലന്‍ഡിലെ വാര്‍ഫിനടുത്ത് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍ വീണ് മരിച്ചതിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ കാണാനില്ലെന്നും ബന്ധുക്കളുടെ സംശയത്തിന് ബലം കൂട്ടുന്നു.

 

 
ഡി കെ

Share this news

Leave a Reply

%d bloggers like this: