‘ഹിജാബ് ധരിക്കുന്നത് വിലക്കാന്‍ സ്ഥാപനത്തിന് അവകാശമുണ്ട്’ -യൂറോപ്യന്‍ യൂണിയന്‍ കോടതി

ജീവനക്കാരെ പരസ്യമായി മതചിഹ്നങ്ങള്‍ ധരിക്കുന്നതില്‍നിന്ന് വിലക്കാന്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ അധികാരികള്‍ക്ക് അവകാശമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്റെ പരമാധികാര കോടതി വിധിച്ചു. രണ്ടു മുസ്ലിം സ്ത്രീകള്‍ ജോലിസ്ഥലത്ത് ശിരോവസ്ത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരമാധികാര കോടതിയുടെ സുപ്രധാന വിധി. അഭയാര്‍ഥി കുടിയേറ്റം യൂറോപ്പിനെയാകെ അലട്ടുകയും നെതര്‍ലന്‍ഡ്സിലെ ദേശീയ തിരഞ്ഞെടുപ്പില്‍ വിഷയം വലിയ ചര്‍ച്ചയാവുകയും ചെയ്തതിനു പിന്നാലെയാണ് വിധി.

ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലെ രണ്ടു സ്ത്രീകള്‍ വെവ്വേറെ നല്‍കിയ ഹര്‍ജികള്‍ ഒരുമിച്ചു തീര്‍പ്പാക്കുമ്പോഴാണ് ജോലിസ്ഥലത്ത് ജീവനക്കാര്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നത് നിരോധിക്കാന്‍ അധികാരികള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. ജോലിസ്ഥലത്ത് ഉടമസ്ഥന്‍ നടപ്പാക്കുന്ന തീരുമാനങ്ങളില്‍ വിവേചനപരമായെന്തെങ്കിലും ഉണ്ടെന്ന് കരുതാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജോലിസ്ഥലത്ത് ശിരോവസ്ത്രം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട രണ്ടു സ്ത്രീകളാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

ബെല്‍ജിയത്തിലെ ‘ജിഫോര്‍എസ് സെക്യുര്‍ സൊലൂഷന്‍സി’ല്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ഒരു പരാതിക്കാരി. ജോലി സ്ഥലത്ത് ശിരോവസ്ത്രം ധരിക്കരുതെന്ന കമ്പനി നിര്‍ദേശം ലംഘിച്ചതിന് ജോലി നഷ്ടമായ ഫ്രഞ്ചുകാരിയായ ഐടി കണ്‍സള്‍ട്ടന്റാണ് രണ്ടാമത്തെ പരാതിക്കാരി. ഒരു ഉപഭോക്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജോലിസ്ഥലത്ത് ശിരോവസ്ത്രം ഉപേക്ഷിക്കാന്‍ കമ്പനി അധികൃതര്‍ ഇവരോട് ആവശ്യപ്പെട്ടത്.

രാഷ്ട്രീയപരവും താത്വികവും മതപരവുമായ ചിഹ്നങ്ങള്‍ ധരിക്കുന്നതില്‍നിന്ന് ജീവനക്കാരെ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനം വിലക്കിയാല്‍, അതില്‍ വിവേചനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: